ന്യൂയോർക്ക് നഗരത്തിൽ ദാരുണമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ മകളുടെ അന്തിമ ചടങ്ങുകൾക്കായി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ വംശജനായ പിതാവ് രംഗത്ത്.
മകളുടെ അന്ത്യകർമ്മങ്ങൾക്കായി സാമ്പത്തിക സഹായം തേടി കുൽദീപ് സിങ് എന്നയാളാണ് ഓൺലൈൻ വഴി ധനസഹായ ശേഖരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 14-നാണ് അഞ്ച് വയസ്സുകാരിയായ ഫാബിയാന കാബെല്ലോയുടെ മാതാവായ ഫ്രാൻസിസ് കാബെല്ലോ പൊലീസിൽ വിളിച്ച് ‘ഞാൻ എന്റെ മകളെ കൊന്നു’ എന്ന് അറിയിച്ചത്.
തുടർന്ന് സൗത്ത് റിച്ച്മോണ്ട് ഹില്ലിലെ വസതിയിലെത്തിയ പൊലീസിനോട് ‘അവൾ മുകളിലത്തെ നിലയിലുണ്ട്, ശ്വാസമെടുക്കുന്നില്ല’ എന്നാണ് അമ്മ വ്യക്തമാക്കിയത്. തുടർന്ന് മുറിയിലെത്തിയ പൊലീസ് ചലനമറ്റു കിടക്കുന്ന ഫാബിയാനയെയാണ് കണ്ടെത്തിയത്.
കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് 32 കാരിയായ ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിലവിൽ ചോദ്യം ചെയ്യൽ തുടരുകയുമാണ്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ഫാബിയാനയുടെ മുഖത്ത് ഉരഞ്ഞ പാടുകളും, ചർമത്തിനടിയിലെ രക്തസ്രാവം മൂലം ഉണ്ടാകുന്ന ചെറിയ പാടുകൾ അവളുടെ കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മരണകാരണം വ്യക്തമാകുന്നതിനായി മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
‘ഞാൻ എന്റെ മകളെ വളരെയധികം സ്നേഹിച്ചിരുന്നു, അവളുടെ മരണത്തിൽ ലോകം തന്നെ നഷ്ടപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്’ എന്നാണ് മകളുടെ സംസ്കാര ചടങ്ങുകൾക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിൽ കുൽദീപ് സിങ് കുറിച്ചിരിക്കുന്നത്. ഫ്യൂനറൽ ഹോമും സെമിത്തേരിയും തനിക്ക് താങ്ങാവുന്നതിലധികം തുകയാണ് ആവശ്യപ്പെടുന്നതെന്നും ഊബർ ഡ്രൈവറായ കുൽദീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 18,000 ഡോളറാണ് സംസ്കാര ചടങ്ങുകൾക്കായി ആകെ വേണ്ടിവരുന്നത്.

