
.news-body p a {width: auto;float: none;}
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിച്ച ടി വി പ്രശാന്തനെതിരായ പരാതിയിൽ വിശദീകരണം തേടി ആരോഗ്യവകുപ്പ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി. എൻജിഒ അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി. ഈ മാസം പതിനഞ്ചിനാണ് പരാതി നൽകിയത്.
പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വകുപ്പിലെ ജീവനക്കാരനാണ് ടി വി പ്രശാന്തൻ. പെട്രോൾ പമ്പ് തുടങ്ങണമെങ്കിൽ കോടികൾ ചെലവ് വരും. ഇത്രയും പണം പ്രശാന്തന് എങ്ങനെ ലഭിച്ചു, സർവീസ് ചട്ടം ലംഘിച്ചോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
എഡിഎമ്മിന് 98,000 രൂപ കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും കുറ്റമാണ്. ഇത്തരമൊരു കുറ്റം ചെയ്തയാളെ സർവീസിൽ നിലനിർത്താനാകുമോയെന്നും പ്രിൻസിപ്പൽ വിശദീകരണം നൽകേണ്ടി വരും.
പ്രശാന്തന്റെ സാമ്പത്തിക സ്രോതസ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇന്ന് നൽകണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ചായിരിക്കും ഇയാളുടെ മൊഴിയെടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയെ പ്രതിയാക്കിയിട്ട് ഇന്നേക്ക് നാലു ദിവസമായി. എന്നാൽ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി എവിടെയാണെന്നുപോലും പൊലീസ് തിരക്കുന്നില്ലെന്നാണ് ആക്ഷേപം.