തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിലാണ് കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
വിഎസ് ശിവകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സഹകരണ സൊസൈറ്റി നഷ്ടത്തിലായതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിക്ഷേപകരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇവർ വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പൊലീസ് ഇതുവരെ മൂന്ന് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ നായരാണ് തട്ടിപ്പിലെ ഒന്നാം പ്രതി. ഇദ്ദേഹം വിഎസ് ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോൺഗ്രസ് നേതാവുമാണ്. എന്നാൽ മൂന്ന് കേസിലും വിഎസ് ശിവകുമാർ പ്രതിയല്ല. മറിച്ച് നിക്ഷേപകന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രമാണ് അദ്ദേഹത്തെ പ്രതി ചേർത്തിരിക്കുന്നത്. കേസുകളിൽ രണ്ടാം പ്രതി സൊസൈറ്റിയുടെ മുൻ സെക്രട്ടറി നീലകണ്ഠനാണ്.
Last Updated Oct 21, 2023, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]