ഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് സര്‍വകലാശാലയില്‍ പലസ്തീന് അനുകൂല പരിപാടി നടക്കാനിരുന്ന വേദിക്ക് പുറത്ത് വിദ്യാര്‍ഥിനിക്ക് നേരെ ബലാത്സംഗശ്രമം. പലസ്തീന് അനുകൂല പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്ന് കരുതിയാണ് തനിക്ക് നേരെ രാത്രി പത്ത് മണിയോടെ രണ്ട് അജ്ഞാതരായ അക്രമികള്‍ ലൈംഗികാതിക്രമം നടത്തിയതെന്ന് വിദ്യാര്‍ഥിനി പറയുന്നു.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ മുഖംമൂടി ധരിച്ച രണ്ട് അജ്ഞാതര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പലസ്തീന് അനുകൂല പ്രകടനം നടക്കാനിരുന്ന വേദിക്ക് അരികില്‍ പെണ്‍കുട്ടിയെ കണ്ടെന്ന് പറഞ്ഞ അക്രമികള്‍ അവരെ വലിച്ചിഴച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അസഭ്യം പറയുകയും ബലാത്സംഗശ്രമം നടത്തുകയും ചവിട്ടുകയും അടിക്കുകയും ചെയ്തു. തൊട്ടടുത്ത വഴിയിലൂടെ മറ്റാരോ നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഇവര്‍ ഓടിപ്പോയതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ആ വഴി വന്ന മറ്റ് വിദ്യാര്‍ഥികളാണ് കാട്ടില്‍ അവശയായി കിടന്ന വിദ്യാര്‍ഥിനിയെ നിലവിളി കേട്ട് പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്.
സംഭവം ക്യാമ്പസില്‍ അറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അഡ്മിനിസ്ട്രേഷന് ബില്‍ഡിംഗിന് മുന്നില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രതിഷേധം നടത്തിയ 11 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയതിന് പിന്നാലെ തന്നെ വിദ്യാര്‍ഥിനി പരാതി നല്‍കിയെന്നും, എന്നാല്‍ ഇത് കേള്‍ക്കാന്‍ പോലും സര്‍വകലാശാലാ അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 130ഓളം സെക്യൂരിറ്റി ഗാര്‍ഡുകളും 50 സിസി ടിവി ക്യാമറകളുമുള്ള ക്യാമ്പസിലാണ് ഇത്തരം അക്രമം നടന്നത്. ഇതില്‍ ശക്തമായ നടപടിയുണ്ടാവും വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. ഗുരുതരമായ സംഭവം ഉണ്ടായിട്ടും, കേന്ദ്ര സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന് നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ക്യാമ്പസ് വളപ്പില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍വകലാശാലാ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്നും നിഷ്ക്രിയത്വമാണുള്ളതെന്നും ശിവദാസന്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കേസില്‍ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇഫ്ലുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് ചെയര്മാന് രേഖാ ശര്‍മയ്ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും കത്ത് നല്‍കിയിട്ടുണ്ടെന്നും ശിവദാസന്‍ പറഞ്ഞു.
Last Updated Oct 21, 2023, 1:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]