ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയില്ലാതെ ഐസിസി. ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ അടുത്ത സൂപ്പർ ഫോർ മത്സരത്തിലും വിവാദനായകനായ ആൻഡി പൈക്രോഫ്റ്റിനെ തന്നെ മാച്ച് റഫറിയായി നിയമിച്ചു.
ഇന്നത്തെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൻ്റെ ചുമതലയും പൈക്രോഫ്റ്റിനാണ്. ഹസ്തദാന വിവാദത്തെ തുടർന്ന് പാകിസ്ഥാൻ കളിക്കുന്ന എല്ലാ മത്സരങ്ങളിലും പൈക്രോഫ്റ്റിനെ തന്നെ നിയോഗിക്കുന്നതിലൂടെ, മാച്ച് റഫറിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന കർശന സന്ദേശമാണ് ഐസിസി നൽകുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രതിഷേധം തള്ളിയാണ് ഐസിസിയുടെ ഈ നടപടി. കഴിഞ്ഞ ഇന്ത്യ-പാക് മത്സരത്തോടെ ആരംഭിച്ച തർക്കം, പാകിസ്ഥാൻ യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണി മുഴക്കുന്നതിലേക്ക് വരെ എത്തിയിരുന്നു.
പിന്നീട് അനുനയ ചർച്ചകൾക്കൊടുവിലാണ് ടീം കളിക്കാൻ തയ്യാറായത്. ബഹിഷ്കരണ ഭീഷണി മുഴക്കിയതിനും ടൂർണമെൻ്റിലെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും പാകിസ്ഥാനെതിരെ നടപടിയെടുക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
കളിക്കാരുടെയും ഒഫീഷ്യലുകളുടെയും കാര്യത്തിൽ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഐസിസി, പാക് ക്രിക്കറ്റ് ബോർഡിന് വിശദീകരണം തേടി ഇ-മെയിൽ അയച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ നൽകിയിട്ടും യുഎഇക്കെതിരായ മത്സര ദിവസം പാക് ടീം വീണ്ടും ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് ഐസിസി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മത്സരത്തിന് മുമ്പായി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഘ, കോച്ച് മൈക്ക് ഹെസ്സൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് നിർദ്ദേശമുണ്ടായിട്ടും പാകിസ്ഥാൻ്റെ മീഡിയ മാനേജർ ഇത് ക്യാമറയിൽ പകർത്തി.
തുടർന്ന്, പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞു എന്ന തരത്തിൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പൈക്രോഫ്റ്റ് പാക് ക്യാപ്റ്റനോട് മാപ്പ് പറഞ്ഞതുകൊണ്ടാണ് വൈകിയാണെങ്കിലും തങ്ങൾ മത്സരിക്കാൻ തയ്യാറായത് എന്നായിരുന്നു പിസിബിയുടെ വിശദീകരണം.
എന്നാൽ പാകിസ്ഥാൻ്റെ വാദങ്ങൾ ഐസിസി തള്ളി. ഇന്ത്യക്കെതിരായ മത്സരത്തിലെ ടോസ് സമയത്ത് ഉണ്ടായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാനാണ് പൈക്രോഫ്റ്റ് പാക് ടീമുമായി സംസാരിച്ചതെന്നും, അല്ലാതെ പാക് ബോർഡ് അവകാശപ്പെടുന്നതുപോലെ മാപ്പ് പറയാനായിരുന്നില്ലെന്നും ഐസിസി വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]