
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് പിന്നാലെ എഡിജിപി അജിത് കുമാറിനെതിരെ അടുത്ത ആരോപണവുമായി പി.വി അൻവർ എംഎൽഎ. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാർ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീ അജിത്ത് കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
”35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത് മറിച്ച് വിൽക്കുക.!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം,സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത് കുമാർ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത് കുമാർ സാർ സിന്ദാബാദ്..”
അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഒരു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഫോൺ ചോർത്തിയത് പൊതുപ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ താനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]