കേരളത്തിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. കഴുത്തറപ്പൻ പലിശയുമായി അതിർത്തി ജില്ലകളിൽ പൊലീസിനെ പേടിയില്ലാതെ കഴുകൻ കണ്ണുകളുമായി വട്ടിപ്പലിശക്കാർ റോന്ത് ചുറ്റുകയാണ്. മൈക്രോ ഫിനാൻസ് സ്ഥാപങ്ങളിൽ നിന്ന് വായ്പ എടുത്തവരുടെ ജീവിതം താളം തെറ്റുകയാണ്. തിരിച്ചടവ് മുടങ്ങുന്നതോടെ സ്ഥാപങ്ങളുടെ ഏജന്റുമാർ ഭീഷണിയുമായി വീടുകളിൽ കയറിയിറങ്ങുന്നത് കുടുംബങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. പലരും ആശുപത്രി കാര്യങ്ങൾക്കായാണ് ഇവരുടെ ഇരകളാവുന്നത്. ഭീമമായ പലിശയും തിരിച്ചടവിന്റെ കർക്കശ്യവും അറിയാതെയാണ് ഭൂരിഭാഗവും ഇതിൽ പെട്ടുപോകുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നതോടെയാണ് ഫിനാൻസ് സ്ഥാപനങ്ങളുടെ തനി നിറം പുറത്താവുന്നത്. പലിശയും പിഴപ്പലിശയും അടക്കമുള്ള കുടിശ്ശിക തിരിച്ചടക്കാൻ വരുമാനമില്ലാത്ത അവസ്ഥയിൽ ഇവരുടെ ഭീഷണിക്ക് മുന്നിൽ ആത്മഹത്യ മാത്രമാണ് ആശ്രയമെന്ന നിലയിലാണ് കാര്യങ്ങൾ.
ഈ മാസം ആദ്യവാരം പാലപ്പുറം എസ്.ആർ.കെ നഗർ സ്വദേശി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതിനു പിന്നിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണെന്ന് നാട്ടുകാർ പറയുന്നു. ഉടമ ഓട്ടോ വിൽക്കുകയും ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് തൊഴിൽ നഷ്ടമാവുകയും കട ബാദ്ധ്യത അടയ്ക്കാൻ ഫിനാൻസ് ഏജന്റുമാരുടെ സമ്മർദ്ദങ്ങൾ കൂടുകയും ചെയ്തതാണ് ആത്മഹത്യയിൽ അഭയം തേടാൻ കാരണമായതെന്ന് പറയുന്നു.
കുടിശ്ശിക അടക്കാൻ പണമില്ലെന്ന് തിരിച്ചറിഞ്ഞ ശേഷവും ഫിനാൻസ് സ്ഥാപങ്ങളുടെ ഏജന്റുമാർ രാത്രിയും വീടുകളിൽ കയറിയിരുന്ന് അസഭ്യവും ഭീഷണിയും പതിവാണെന്ന് കടമെടുത്തവർ പറയുന്നു. നേരത്തെ പണം കടം കൊടുത്തിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ആഴ്ചക്കാരായ പിരിവുകാർ ഇവരേക്കാൾ എത്രയോ ഭേദമായിരുന്നെന്നും ഇല്ലായ്മകൾ കണ്ടറിഞ്ഞ് തിരിച്ചടവിന് അവധി നൽകിയിരുന്നെന്നും പറയുന്നു.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ബ്ലേഡ് മാഫിയകളുടെ നിലവാരത്തിലേക്ക് തരം താഴ്ന്നതിന്റെ നേരനുവഭവങ്ങളാണ് ഓരോ ദിവസവും കാണേണ്ടി വരുന്നതെന്ന് ചിറ്റൂർ മേഖലയിലെ ആളുകൾ പറയുന്നു. ഓട്ടോ ഡ്രൈവറുടെ സമാനമായ രീതിയിൽ ഷൊർണൂരും ആത്മഹത്യ നടന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകർ.
ഇരയാകുന്ന സ്ത്രീകൾ
നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെയാണ് പലിശ. അത്യാവശ്യത്തിന് പണമെടുക്കുന്ന സാധാരണക്കാർ അടവ് മുടങ്ങിയാൽ പിന്നീട് വൻ കടക്കെണിയിലാകും.
ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ തന്നെ പണം കയ്യിലെത്തും. എന്നാൽ തിരിച്ചടവ് മുടങ്ങുന്നതോടെ ഭീഷണി തുടങ്ങും. അസഭ്യം പറച്ചിലും അപമാനവുമായി നിരന്തര ഭീഷണിയെത്തും. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമാകും. ചിറ്റൂരിൽ മാത്രം നിരവധിയാളുകളാണ് ഇത്തരത്തിൽ ജീവനൊടുക്കിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്നും 3 ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി.
അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശതുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്. വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്. സ്ത്രീകളാണ് പലിശ സംഘങ്ങളുടെ ഉന്നം. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകളെ അംഗങ്ങളാക്കി ഒരു ഗ്രൂപ്പ് രൂപീകരിക്കും. ഇവർക്ക് ചെറുതും വലുതുമായ വായ്പകൾ നൽകും. 26 മുതൽ 30 ശതമാനം വരെയാണ് പലിശ. ആഴ്ച തോറും പലിശ നൽകണം. ഒരൊറ്റ അടവ് മുടങ്ങിയാൽ പലിശ സംഘം രാപ്പകലില്ലാതെ വീട്ടുമുറ്റത്തെത്തും. നേരിട്ടും അല്ലാതെയും ഭീഷണിയെത്തുമെന്ന് അനുഭവസ്ഥർ പറയുന്നു.
പത്തുദിവസം കൂടുമ്പോൾ പത്തുശതമാന പലിശ
കാർഷിക ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ മേഖലകളിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ബ്ലേഡ് മാഫിയകൾ വിലസുകയാണ്. നിലവിൽ 26 മുതൽ 30 ശതമാനംവരെ പലിശയാണ് ഈ കൊള്ളപ്പലിശക്കാർ സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്ക് പത്തുദിവസം കൂടുമ്പോൾ പത്തുശതമാനമെന്ന തോതിൽ പലിശപ്പണം നൽകണം. ബ്ലേഡ് മാഫിയയ്ക്ക് മൂക്കുകയറിടാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പൂർണമായും നിലച്ച അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സർക്കാരിന്റെ ലഘു ഗ്രാമീണവായ്പ പദ്ധതിയായ ‘മുറ്റത്തെ മുല്ല’ വിജയകരമായിട്ടും ഗ്രാമീണർക്കിടയിൽ ബ്ലേഡിന് ഇടിവൊന്നുമുണ്ടായിട്ടില്ല. പരാതികിട്ടിയാൽ ഉടൻ നടപടിയെന്നാണ് ഇപ്പോഴും പൊലീസിന്റെ വിശദീകരണം. കുബേര എന്ന പേരിൽ പരിശോധനയില്ലെങ്കിലും വട്ടിപ്പലിശ സംബന്ധിച്ച പരാതി ലഭിച്ചാൽ മണിലെൻഡിംഗ് ആക്ട് പ്രകാരമോ പണംതട്ടിപ്പ് നടത്തിയതിനോ കേസെടുത്ത് അന്വേഷിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇനിയൊരു ജീവൻകൂടി ബ്ലേഡിൽ തട്ടി പൊലിയുന്നതിന് മുമ്പ് ഇതിന് മൂക്കുകയറിടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
പൊന്നിൻ തിളക്കമുള്ള കുരുക്ക്
ലോക്ക് ഡൗണിൽ വരുമാനം നിലച്ചവരുടെ ദുരവസ്ഥ മുതലാക്കി രക്ഷകരുടെ രൂപത്തിലാണ് ബ്ലേഡുകാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും എത്തുക. ബാങ്കുകളിലേതുപോലെ നൂലാമാലകളില്ലാതെ എളുപ്പത്തിൽ പണം ലഭിക്കുമെന്നതിനാൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാർ പണം കടംവാങ്ങും. സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നവർ പലപ്പോഴും അടിയന്തര ആശ്വാസം കണ്ടെത്തുന്നത് സ്വർണാഭരണങ്ങൾ പണയംവെച്ചാണ്. സ്വർണത്തിന്റെ വിപണി വിലയുടെ 90 ശതമാനം വരെ വായ്പ നൽകുന്നതിനാലും നിമിഷനേരം കൊണ്ട് സംഖ്യ ലഭിക്കുമെന്നതിനാലും സാധാരണക്കാരിൽ ഭൂരിഭാഗം ആളുകളും പണയം വയ്ക്കാൻ ഇപ്പോൾ ആശ്രയിക്കുന്നത് ന്യു ജെനറേഷൻ ധനകാര്യ സ്ഥാപനങ്ങളെയാണ്. സഹകരണ സ്ഥാപനങ്ങളും സർക്കാർ ധനകാര്യ സ്ഥാപനങ്ങളും നാല് മുതൽ 14 ശതമാനം വരെ പലിശ ഈടാക്കുമ്പോൾ ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾ 26ശതമാനത്തിൽ മുകളിലാണ് പലിശ വാങ്ങുന്നത്.
കൂണുപോലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ
നെന്മാറ ടൗൺ കേന്ദ്രീകരിച്ച് മാത്രം ഒരു ഡസനിലധികം സ്വകാര്യ പണമിടപാടുകാർ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരവും മറ്റും കൊവിഡ് കാലത്ത് നഷ്ടത്തിലായതോടെ ഭൂരിഭാഗം വ്യാപാരികളും ആശ്രയിക്കുന്നത് ഇത്തരം സ്വകാര്യ പണമിടപാടുകാരെയാണ്. പണം കിട്ടാതെ വരുമ്പോൾ കടമെടുത്തയാളെ ഭീഷണിപ്പെടുത്തിയും മറ്റും പണവും പലിശയും ഈടാക്കാൻ ഇവർ ശ്രമിക്കുന്നത് സാധാരണ സംഭവമാണ്. ഇതിനെതിരെ പരാതിപ്പെട്ടാൽ പോലും അന്വേഷണം നടത്താൻ ഉത്തരവാദപ്പെട്ടവർ കൂട്ടാക്കാറില്ല. കൃഷിയും വ്യാപാരവും മറ്റും നിലനിറുത്താനായി സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ വായ്പയും മറ്റും നൽകാറുണ്ടെങ്കിലും ഇതിനായി സമർപ്പിക്കേണ്ട രേഖകൾക്കായുള്ള ബുദ്ധിമുട്ടാണ് പലരെയും ഇത്തരം സ്വകാര്യ വായ്പ സംഘങ്ങളെ ആശ്രയിക്കാനിടയാക്കുന്നത്. ഇവരിൽ നിന്ന് ഈടില്ലാതെ എത്ര തുക വേണമെങ്കിലും ലഭിക്കും. എന്നാൽ, ഭീമമായ തുകയാണ് പലിശ. പലിശ നൽകുന്നതിനായി വാങ്ങുന്ന രേഖകളൊക്കെ തമിഴ്നാട്ടിലെ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കുമെന്നതിനാൽ പൊലീസ് റെയ്ഡിൽനിന്ന് ബ്ളേഡുകാർ രക്ഷപ്പെടും. രണ്ടുലക്ഷം രൂപ ആവശ്യമുള്ളയാൾക്ക് അഞ്ചുലക്ഷം ബാങ്കുവഴിതന്നെ നൽകും. മുഴുവൻ പണവും പിൻവലിപ്പിച്ച് വേണ്ടപണം നൽകിയശേഷം ബാക്കി മൂന്നുലക്ഷം പലിശക്കാർതന്നെ വാങ്ങിക്കൊണ്ടു പോകും. പലിശക്കാർക്കെതിരേ പണം വാങ്ങിയയാൾ കേസുമായി പോയാൽ പണം കൈമാറിയ രേഖയാണ് ബ്ലേഡുകാർ ആദ്യം ഹാജരാക്കുക. കൊടുത്ത പണമാണ് തിരികെ ചോദിക്കുന്നതെന്ന രീതിയിൽ കാര്യങ്ങളെത്തിച്ചാൽ നടപടിയിൽനിന്ന് ഒഴിവാകുകയും ചെയ്യാം. ഗ്രാമപ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ഇത്തരം ബ്ലേഡു സംഘങ്ങൾ സജീവമാണ്. തേങ്കുറിശിയിലും നെന്മാറയിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചിലയിടങ്ങളിൽ സ്ത്രീകൾ തന്നെയാണ് പലിശ പിരിക്കാനെത്തുന്നതും.