
സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളം ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപ്പാക്കുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കം മുതല്‍ വിമാനത്താവളത്തിലൂടെയുള്ള യാത്ര പാസ്പോര്‍ട്ട് രഹിതമായി മാറുമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ അറിയിച്ചത്.
സിംഗപ്പൂരിലെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജോസഫൈന് റ്റിയോ ആണ് കഴിഞ്ഞ ദിവസം രാജ്യത്തെ പാര്‍ലമെന്റ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഇതിനോട് അനുബന്ധിച്ച് കൊണ്ടുവന്നിരുന്നു. ലോകത്തു തന്നെ ഓട്ടോമേറ്റഡ്, പാസ്പോര്‍ട്ട് രഹിത ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉറപ്പാക്കുന്ന ഏതാനും രാജ്യങ്ങളിലൊന്നായി സിംഗപ്പൂര്‍ മാറുകയാണെന്ന് മന്ത്രി അറിയിച്ചു. മുഖം മനസിലാക്കി വ്യക്തികളെ തിരിച്ചറിയുന്ന ഫേഷ്യല്‍ റെകഗ്നിഷന്‍ സോഫ്റ്റ്വെയറിന് പുറമെ ബയോമെട്രിക് സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ചാണ് ചാങി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റുകളില്‍ സജ്ജീകരിക്കുന്ന ഓട്ടോമേറ്റഡ് ലേനുകള്‍ പ്രവര്‍ത്തിക്കുക.
Read also:
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ പല സ്ഥലത്തും യാത്രാ രേഖകള്‍ കാണിക്കേണ്ടി വരുന്നത് പുതിയ രീതിയോടെ ഒഴിവാകും. യാത്ര കൂടുതല്‍ സുഗമമാവുകയും നടപടികള്‍ സൗകര്യപ്രദമായി മാറുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഓരോ യാത്രക്കാരന്റെയും ബയോമെട്രിക് വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ പോലെ സൂക്ഷിക്കപ്പെടും. ഇതായിരിക്കും വിമാനത്താവളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. ബാഗ് ഡ്രോപ്പ് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയറിങിനും ബോര്‍ഡിങിനും വരെ ഇത് തന്നെ മതിയാവും. പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസും പോലുള്ള രേഖകളുടെ പരിശോധന ആവശ്യമായി വരില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം പാസ്പോര്‍ട്ട് ഫ്രീ ക്ലിയറന്‍സ് സാധ്യമാവാത്ത മറ്റ് രാജ്യങ്ങളില്‍ തുടര്‍ന്നും പാസ്പോര്‍ട്ട് ആവശ്യമായി വരും
ലോകത്ത് ഏറ്റവും മികച്ചതും തിരക്കേറിയതുമായ വിമാനത്താവളങ്ങളിലൊന്നായി അറിയപ്പെടുന്ന, ചാങി വിമാനത്താവളത്തില്‍ നൂറിലേറെ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. നൂറിലേറെ രാജ്യങ്ങളിലെ നാനൂറിലേറെ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനങ്ങളുണ്ട്. ജൂണ്‍ മാസത്തില്‍ 51.2 ലക്ഷം യാത്രക്കാര്‍ ചാങി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തുവെന്നാണ് കണക്ക്. 2020 ജനുവരിക്ക് ശേഷം കൊവിഡ് ആഘാതം മറികടന്ന് ആദ്യമായാണ് യാത്രക്കാരുടെ എണ്ണം അരക്കോടി കടന്നത്. നിലവില്‍ നാല് ടെര്‍മിനലുകളുള്ള വിമാനത്താവളം അഞ്ചാമത്തെ ടെര്‍മിനലിന്റെ നിര്‍മാണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]