
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇ ഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷന്റെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇ ഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതി നേരത്തെ ഇ ഡി നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന പുതിയ ആരോപണത്തോട് ഇ ഡി പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കരുവന്നൂർ കള്ളപ്പണ കേസിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതിയിൽ കേരള പൊലീസിന്റെ അസാധാരണ നടപടിയും ഇന്ന് ഉണ്ടായി. അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇ ഡി ഓഫീസിലെത്തുകയായിരുന്നു. വൈകിട്ട് 4.30 ഓടെയാണ് കൊച്ചി പൊലീസ് സംഘം കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഇ ഡി ഉദ്യോഗസ്ഥരും അമ്പരന്നു. അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാനാണ് എത്തിയതെന്ന് ഇ ഡിയെ കൊച്ചി പൊലീസ് അറിയിച്ചു. ശേഷം അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീൻ അടക്കമുള്ള സി പി എം ഉന്നതർക്കെതിരെ ഇ ഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് കേരള പൊലീസിന്റെ അസാധാരണ നടപടി ഉണ്ടായത്.
Last Updated Sep 21, 2023, 12:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]