
മുംബൈ: ഏകദിന ക്രിക്കറ്റില്‍ 55 റണ്‍സ് ബാറ്റിംഗ് ശരാശരിയുള്ള മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് വിചിത്രമാണെന്ന് തോന്നാമെങ്കിലും അതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ഏഷ്യാ കപ്പ് ടീമിലോ ഏകദിന ലോകകപ്പ് ടീമിലോ ഓസ്ട്രേലയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലോ സഞ്ജുവിന് അവസരം നല്‍കാതിരുന്നതിനെക്കുറിച്ചാണ് ഹര്ഭജന് തന്റെ യുട്യൂബ് ചാനലില്‍ തുറന്നു പറഞ്ഞത്.
സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ 55 റണ്‍സ് ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുക്കാത്തത് തീര്‍ച്ചയായും വിചിത്രമാണെന്ന് തോന്നാം. പക്ഷെ സഞ്ജുവിനെ ടീമിലെടുക്കാതിരുന്നതിന് വ്യക്തമായ കാരണമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, കെ എല്‍ രാഹുലും ഇഷാന് കിഷനും. ഇരുവരും ലോകകപ്പ് ടീമീന്റെയും ഭാഗമാണ്. അതുകൊണ്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും ഹര്ഭജന് യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഏകദിനത്തില്‍ സഞ്ജുവിനെക്കാള്‍ മികവുള്ള കളിക്കാരനാണ് കെ എല്‍ രാുഹുല്‍ എന്നതില്‍ തര്‍ക്കമില്ല. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇഷാന് കിഷനും മികവ് കാട്ടിയതോടെ സഞ്ജു ഇന്ത്യന്‍ ടീമിലെത്താന്‍ തല്ക്കാലം സാധ്യതയില്ലെന്നും ഹര്ഭജന് പറഞ്ഞു. സഞ്ജു അവന്റെ അവസരത്തിനായി കാത്തിരിക്കുകയേ നിര്‍വാഹമുള്ളു. എനിക്കറിയാം, ചിലപ്പോഴൊക്കെ ഇത്തരം ഒഴിവാക്കലുകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, നിരാശാജനകമാണ്. പക്ഷെ സഞ്ജുവിന് പ്രായം അനുകൂലഘടകമാണ്. വീണ്ടും വീണ്ടും കഠിനമായി പ്രയത്നിക്കുക എന്നതാണ് അവന് മുന്നിലുള്ള വഴി.
രാഹുലിനെയോ സഞ്ജുവിനെയോ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ ഞാനാണെങ്കില്‍ പോലും രാഹുലിനെ തെരഞ്ഞെടുക്കു. കാരണം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ രാഹുല്‍ നല്കുന്ന സ്ഥിരത തന്നെ. സഞ്ജു മികച്ച കളിക്കാരനാണ്, ഏത് ഘട്ടത്തിലും അനായാസം സിക്സുകള്‍ പറത്താന്‍ സഞ്ജുവിന് കഴിയും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയും അവരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും ഹര്ഭജന് പറഞ്ഞു.
Last Updated Sep 21, 2023, 12:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]