
ചെന്നൈ: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ട്രയൽ റണ്ണിന് ശേഷം, ഞായറാഴ്ച കാസര്‍കോട് നിന്നാകും ഉദ്ഘാടന സര്‍വ്വീസ് ആരംഭിക്കുക. ആദ്യ വന്ദേഭാരത് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിന് റെയിൽവേയുടെ സമ്മാനമായാണ് രണ്ടാം വന്ദേഭാരത് ലഭിച്ചത്. ഇന്നലെ രാത്രി നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ രണ്ടേമുക്കാലോടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് കേരളത്തിലേക്ക് പുറപ്പെട്ടു. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളാണ് പുതിയ വന്ദേഭാരതിനുള്ളത്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതടക്കം രാജ്യത്തെ വിവിധറൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
അതേസമയം കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയിട്ടുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Sep 20, 2023, 6:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]