
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി തേടി ഫുട്ബോള്‍ ലോകവും. കൊല്‍ക്കത്തയിലെ പ്രതിഷേധത്തില്‍ ആരാധകര്‍ കൈകോര്‍ത്തതിന് പിന്നാലെ പ്രമുഖ മൂന്ന് ക്ലബ്ബുകളുടെ മാനേജ്മെന്റും വൈര്യം മറന്ന് ഒരുമിച്ചു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ ക്ലബ്ബുകളുടെ പ്രതിനിധികളാണ് അസാധാരണ വാര്‍ത്താസമ്മേളനം ഒരുമിച്ച് വിളിച്ചു ചേര്‍ത്തത്. കളിക്കളത്തിലെ ശത്രുത മറന്ന് കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കാന്‍ കൈകോര്‍ത്ത് പോരാടുമെന്ന് മുഹമ്മദന്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഇഷ്തിയാഖ് അഹമ്മദ് കൊല്‍ക്കത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്‍ക്കത്തയുടെ കായിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിത്. ചിരവൈരികളായ മൂന്ന് ക്ലബ്ബുകളുടെ മാനേജ്മെന്റുകളും ഒരുമിച്ച് ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന്് മോഹന്‍ ബഗാന് ജന സെക്രട്ടറി ദെബാശിഷ് ദത്ത വ്യക്തമാക്കി. സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടത്തേണ്ടിയിരുന്ന മോഹന്‍ ബഗാന് – ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ മത്സരം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു, ഇതിനെതിരെ ആയിരക്കണക്കിന് ആരാധകര്‍ നഗരത്തില്‍ ഒരുമിച്ച് പ്രതിഷേധിച്ചതും ശ്രദ്ദേയമായിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കൊല്‍ക്കത്തയില്‍ നടക്കേണ്ടിയിരുന്ന ഡ്യുറന്‍ഡ് കപ്പ് മത്സരങ്ങള്‍ ജംഷദ്പൂരിലേക്കും ഷില്ലോങിലേക്കും മാറ്റിയതോടെയാണ് പതിറ്റാണ്ടുകളുടെ വൈരം മറന്ന് ക്ലബ്ബുകളുടെ മാനേജ്മെന്റകളും ആദ്യമായി കൈകോര്‍ത്തത്. ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം റദ്ദാക്കിയതും മാറ്റിവച്ചതുമായ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തയില്‍ തന്നെ നടത്തണമെന്നാണ് ആവശ്യം.
അതേസമയം മത്സരങ്ങള്‍ നഗരത്തില്‍ നടത്തിയാല്‍ ചിലര്‍ മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നാണ് കൊല്‍ക്കത്ത പോലീസിന്റെ നിലപാട്. എന്നാല്‍ ആരാധകര്‍ക്ക് പിന്നാലെ ക്ലബ്ബ് അധികൃതരും ഒരുമിച്ച് രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വഴങ്ങുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]