തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്ന നിലപാടാണ് സിപിഎം മുൻപേ സ്വീകരിച്ചിരുന്നത്.
ഈ നിലപാട് സാധൂകരിക്കുന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണമെന്ന് മുഹമ്മദ് റിയാസ് വിലയിരുത്തി. മതനിരപേക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ബിജെപിയുടെ നേതൃത്വത്തിൽ തനിക്ക് കടുത്ത വ്യക്തിഹത്യകളും കോലം കത്തിക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“വിമർശനത്തിന്റെ പേരിൽ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ല” എന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മതനിരപേക്ഷത സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തോട് വിയോജിപ്പുണ്ടെങ്കിലും, പുതിയ സർക്കാർ എന്ന നിലയിൽ നിലവിൽ കൂടുതൽ തർക്കങ്ങളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റിയാസ് അറിയിച്ചു. ചടങ്ങ് രാജ്ഭവനാണ് സംഘടിപ്പിച്ചതെന്നും വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് വേദിയിൽ വെച്ചാണ് അറിഞ്ഞതെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.
വിഷയത്തിൽ എന്ത് നിലപാടുണ്ടെങ്കിലും മതനിരപേക്ഷതയിലുള്ള ഉറച്ച നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് റിയാസ് ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

