
ഹോസൂര്‍: ആഗോള സ്മാര്‍ട്ട്ഫോണ്‍ വിതരണ ശൃംഖലയില്‍ നിര്‍ണായക ശക്തിയായി മാറാന്‍ ലക്ഷ്യമിട്ട് ടാറ്റാ ഇലക്ട്രോണിക്സ് . ഐഫോണ്‍ 16, ഐഫോണ്‍ 16ഇ ഉള്‍പ്പെടെയുള്ള പുതിയ ഐഫോണ്‍ മോഡലുകള്‍ ഹോസൂര്‍ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചു. പരമ്പരാഗതമായി ഫോക്സ്കോണ്‍ പോലുള്ള തായ്വാനീസ് കമ്പനികളുടെ കുത്തകയായിരുന്ന ഈ മേഖലയില്‍ ടാറ്റയുടെ ഈ നീക്കം ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് ആരംഭിക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗം ഹോസൂരിലെ അവരുടെ പ്ലാന്റില്‍ ഒരു പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
വിപുലീകരണവും തന്ത്രപരമായ നീക്കങ്ങളും
നേരത്തെ കര്‍ണാടകയിലെ വിസ്ട്രോണ്‍ പ്ലാന്റില്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങളില്‍ ടാറ്റാ ഇലക്ട്രോണിക്സ് ഏര്‍പ്പെട്ടിരുന്നു. അടുത്തിടെ ഹോസൂര്‍ കാമ്പസിലെ പുതിയ പ്ലാന്റിലും അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ രണ്ട് ലൈനുകളിലാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്. വൈകാതെ ഇത് നാലോ അതിലധികമോ ലൈനുകളായി വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഓരോ ലൈനിലും 2,500-ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാകും. പൂര്‍ണ്ണ ശേഷിയിലെത്തുമ്പോള്‍ ഹോസൂരിലെ പുതിയ അസംബ്ലിംഗ് യൂണിറ്റ് വിസ്ട്രോണ്‍ പ്ലാന്റിനേക്കാള്‍ വലുതായി മാറുമെന്നാണ് പ്രതീക്ഷ.
ആപ്പിളിന് ആശ്വാസം
ചൈനയ്ക്ക് പുറത്തേക്ക് വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതിനാല്‍, ഇത് ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. ഫോക്സ്കോണും ടാറ്റാ ഇലക്ട്രോണിക്സും അതിവേഗം വളരുകയും ശക്തി നേടുകയും ചെയ്യുന്നതോടെ, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആപ്പിളിന് കഴിയും. ഇന്ത്യയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നതിനാല്‍, ഈ കമ്പനികള്‍ ആ്പ്പിളിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകും.
ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍
ഹോസൂര്‍ യൂണിറ്റില്‍ ആപ്പിളിന്റെ ഐഫോണുകള്‍ക്കായുള്ള എന്‍ക്ലോഷറുകളുടെ ഉത്പാദനം ടാറ്റാ ഇലക്ട്രോണിക്സ് അതിവേഗം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിലവിലുള്ള 50,000 എന്‍ക്ലോഷറുകളുടെ ശേഷി ഇരട്ടിയാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]