
ജയ്പൂർ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരത്തിലെ തകര്‍പ്പൻ പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ ബാറ്ററായ 14കാരൻ വൈഭവ് സൂര്യവൻഷിയ്ക്ക് അഭിനന്ദന പ്രവാഹം. വൈഭവ് സൂര്യവൻഷിയുടെ സിക്സ് ഹിറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അഭിനവ് മുകുന്ദ്. ചെന്നൈയ്ക്ക് എതിരെ ക്രീസിൽ പക്വത കാണിച്ചതിനും സ്പിന്നിനെതിരായ മികച്ച പ്രകടനത്തിനും അഭിനവ് മുകുന്ദ് വൈഭവിനെ പ്രശംസിച്ചു.
‘പവർ പ്ലേയിൽ അധികം പന്തുകൾ ലഭിക്കാത്തതിനാൽ വൈഭവ് പക്വതയോടെ കളിച്ചു. സ്പിന്നിനെതിരെയുള്ള അദ്ദേഹത്തിന്റെ ഗെയിം പ്ലേയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. പവർ പ്ലേയിൽ വളരെ കുറച്ച് പന്തുകൾ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്. എന്നാൽ, അതിനുശേഷം ഇന്നിംഗ്സിന്റെ വേഗത വർദ്ധിപ്പിക്കാൻ വൈഭവിന് കഴിഞ്ഞു. പിന്നീട് സ്ട്രൈക്ക് റേറ്റ് താഴാതെ നൂര്‍ അഹമ്മദിനെയും ജഡേജയെയും നേരിടാനായി. അത് ഒരു മികച്ച ഇന്നിംഗ്സാണെന്ന് ഞാൻ കരുതുന്നു. ചെറിയ സിക്സറുകളല്ല വൈഭവ് അടിക്കുന്നത്. വെറും 14 വയസുള്ളപ്പോൾ ഈ കുട്ടി 80–90 മീറ്റർ സിക്സറുകളാണ് അടിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്ക് വൈഭവ് തീർച്ചയായും ഒരു മുതൽക്കൂട്ടാകുമെന്നാണ് ഞാൻ കരുതുന്നത്’. ജിയോ ഹോട്ട്സ്റ്റാറിൽ അഭിനവ് മുകുന്ദ് പറഞ്ഞു.
7 ഇന്നിംഗ്സുകളിൽ നിന്ന് 36 ശരാശരിയിൽ 206.55 സ്ട്രൈക്ക് റേറ്റോടെ 252 റൺസ് നേടിയാണ് വൈഭവ് സൂര്യവൻഷി തന്റെ അരങ്ങേറ്റ സീസൺ പൂർത്തിയാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ നിന്ന് 7 ഫോറുകളുടെയും 11 സിക്സറുകളുടെയും അകമ്പടിയോടെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി വൈഭവ് നേടിയിരുന്നു. ഇന്ത്യ എയ്ക്കു വേണ്ടിയുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]