
മലപ്പുറം: മലപ്പുറം കൂരിയാട് തകർന്ന ദേശീയപാതയുടെ നിർമാണത്തിൽ അശാസ്ത്രീയത വ്യക്തം. ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ട്. പരമാവധി 12 മീറ്റർ നീളത്തിൽ മാത്രം ഉപയോഗിക്കേണ്ട ആർ ഇ ബ്ലോക്കുകൾ 16 മീറ്റർ നീളത്തിൽ ഉപയോഗിച്ചു. വയലിൽ കളിമണ്ണ് കൂടുതൽ ആയതിനാൽ പൈലിങ് നടത്തി എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവും തള്ളിയതായി വ്യക്തമായിട്ടുണ്ട്.
വിശദ വിവരങ്ങൾ
മലപ്പുറം കൂരിയാട് ദേശീയപാത തകരാനുള്ള പ്രധാന കാരണം ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ച് നിർമ്മാണം നടത്തിയതെന്ന വിലയിരുത്തലാണ് ഉയരുന്നത്. സാധാരണ പരമാവധി 9 മുതൽ 12 മീറ്റർ ദൂരം മാത്രം നീളത്തിൽ ആണ് ആർ ഇ ബ്ലോക്കുകൾ ഉപയോഗിക്കുന്നത്. കൂരിയാട് റീച്ചിൽ 16 മീറ്റർ നീളത്തിൽ അധികം ആർ ഇ ബ്ലോക്ക് ഉപയോഗിച്ച് നിർമ്മാണം നടത്തി. കൂരിയാട് വയലിൽ കളിമണ്ണ് അംശം കൂടുതൽ ആയതിനാൽ പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ചുള്ള എലിവേറ്റഡ് ഹൈവേ ആയിരുന്നു ആവശ്യം. ഈ നിർദ്ദേശം നിർമ്മാണ കമ്പനി അവഗണിച്ചു. ഇതൊക്കെയാണ് കൂരിയാട് ദേശീയപാത തകരാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.
അതിനിടെ മലപ്പുറത്ത് ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട വിവാദം കേരളത്തിൽ കത്തുമ്പോൾ നിർമ്മാണ കമ്പനിയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിർമ്മാണം നടത്തിയത് കെ എൻ ആർ കൺസ്ട്രക്ഷൻസ് എന്ന ആന്ധ്രാ കമ്പനിയാണ്. രാജ്യമെമ്പാടും 8700 കിലോമീറ്റർ ദൂരത്തിൽ ഹൈവേ നിർമ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന സ്ഥാപനം പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിർമ്മിക്കുന്നതും കെ എൻ ആർ ആണ്. കോഴിക്കോട് നിന്ന് തേഞ്ഞിപ്പാലം വഴി തൃശൂരിലേക്ക് പോകുന്ന ദേശീയപാതയുടെ കൂരിയാട് കൊളപ്പുറം ഭാഗത്തിന്റെ നിർമ്മാണം നടത്തിയ കെ എൻ ആർ കൺസ്ട്രക്ഷൻ ഇതാദ്യമായല്ല ദേശീയ പാത നിർമ്മിക്കുന്നത്. രാമനാട്ടുകര-വളാഞ്ചേരി വളാഞ്ചേരി – കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിർമ്മാണമാണ് കെ എൻ ആർ കേരളത്തിൽ നടത്തുന്നത്. 2021 ൽ കരാർ ലഭിച്ചു. 2022 ൽ തുടങ്ങിയ നിർമ്മാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആന്ധ്രാ ആസ്ഥാനമായ കെ എൻ ആർ കേരളത്തിലെ കാര്യങ്ങൾക്കായി മറ്റൊരു കമ്പനി കൂടി രൂപീകരിച്ചിട്ടുണ്ട്. രൂപകല്പനനയും മാനദണ്ഡങ്ങൾ നിശ്ചയിച്ചതും ദേശീയ പാതാ അതോറിറ്റിയാണ്. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച അതോറിറ്റിയുടെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്ഥ സംഘമാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. കമ്പനിക്കൊപ്പം നിർമ്മാണം വിലയിരുത്തുന്ന ദേശീയപാതാ അതോറിറ്റിക്കും തകർച്ചയിൽ പങ്കുണ്ട് എന്നർത്ഥം. എന്നാൽ കരാർ കമ്പനി തകർച്ചയെക്കുറിച്ച് ഇതേ വരെ വിശദീകരണം നൽകിയിട്ടില്ല. വിദഗ്ജ സമിതി വിലയിരത്തട്ടെ എന്നാണ് കമ്പനിയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]