
വണ്ടൻമേട്: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിന് പ്രതികാരമായി ബൈക്ക് യാത്രക്കാരന് എസ്ഐ ഒൻപതിനായിരം രൂപ പിഴ ചുമത്തിയതായി പരാതി.ഇടുക്കി വണ്ടൻമേടിനു സമീപത്താണ് സംഭവം.അച്ഛൻകാനം സ്വദേശി രാഹുലിനാണ് വണ്ടൻമേട് എസ്ഐ ബിനോയ് എബ്രഹാം കനത്ത പിഴ ചുമത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. രാഹുലും സഹോദരനും ബൈക്കിൽ തറവാട്ടു വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം വണ്ടൻമേട് എസ് ഐ ബിനോയ് എബ്രഹാമും ഡ്രൈവറും പുറ്റടിയിൽ നിന്നും അണക്കര ഭാഗത്തേക്ക് വരുന്നത് ദൂരെ നിന്നു കണ്ടു.
അച്ചൻകാനം എന്ന സ്ഥലത്തേക്ക് പോകാൻ രാഹുൽ ബൈക്ക് തിരിച്ചു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് കണ്ട് പൊലീസ് വാഹനം ഇവരുടെ പുറകെയെത്തി. തുടർച്ചയായി ഹോൺ മുഴക്കിയപ്പോൾ ബൈക്ക് സൈഡിലേക്ക് ഒതുക്കി. പൊലീസ് ജീപ്പ് ബൈക്കിനു കുറുകെ നിർത്തി.രണ്ടു പേരുടെയും ദേഹവും വാഹനവും പരിശോധിച്ചു ശേഷം താക്കോൽ എടുക്കാൻ ഡ്രൈവറോട് നിർദ്ദേശിച്ചു. പിന്നാലെ ആറായിരം രൂപ പിഴ ചുമത്തിയ ശേഷം പൊലീസ് ഒപ്പിടാൻ നിർദ്ദേശിച്ചു. ചെയ്യാത്ത കുറ്റങ്ങൾ ചുമത്തിയതിനാൽ രാഹുൽ ഒപ്പിടാൻ വിസമ്മതിച്ചു. പിറ്റേ ദിവസം രാവിലെ പരിശോധിച്ചപ്പോഴാണ് ഒൻപതിനായിരമാണ് പിഴയെന്ന് മനസ്സിലായത്. ഹെൽമറ്റ് ധരിക്കാത്തതിനു പുറമെ റൂട്ട് വെട്ടിച്ചുരുക്കുന്നതിന് ബസുകൾക്ക് ചമുത്തുന്ന പിഴയും ബൈക്ക് റെയ്സിംഗ് നടത്തുന്ന കുറ്റവുമുൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
കുണ്ടും കുഴിയുമുള്ള റോഡിലൂടെ സാവധാനമാണ് ബൈക്ക് ഓടിച്ചതെന്നാണ് രാഹുൽ പറയുന്നത്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല പോലീസ് മേധാവിക്കും രാഹുൽ പരാതി നൽകി. അതേസമയം കൈകാണിച്ചിട്ടും നിർത്താതെ പോയത് ചോദിച്ചപ്പോൾ തട്ടിക്കയറുകയാണ് രാഹുലും സഹോദരനും ചെയ്തതെന്നാണ് എസ് ഐ ബിനോയ് പറഞ്ഞത്. ചെയ്ത കുറ്റത്തിനുള്ള പിഴയാണ് ചുമത്തിയതെന്നും തെറ്റായി രേഖപ്പെടുത്തിയ വകുപ്പ് ഒഴിവാക്കാൻ കത്ത് നൽകിയിട്ടുണ്ടെന്നുമാണ് എസ് ഐ യുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]