
തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ലൈസൻസുണ്ടോ എന്നും ആശുപത്രിയുടെ ഉടമസ്ഥൻ ആരെന്നും സംഭവത്തിലെ അവരുടെ പങ്കും അന്വേഷിക്കണം. കോസ്മറ്റിക് സർജറി നടത്താൻ ആരോപണ വിധേയരായ ഡോക്ടർക്ക് യോഗ്യതയുണ്ടോ എന്ന് അന്വേഷിക്കണം. യുവതിയുടെ മൊഴിയും മെഡിക്കൽ റെക്കോർഡും കമ്മീഷനിൽ സമർപ്പിക്കണം. പരാതി സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി സ്റ്റേറ്റ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
യുവതി ചികിത്സ തേടിയ ആശുപത്രികളിലെ മുഴുവൻ രേഖകളും മെഡിക്കൽ ബോർഡ് പരിശോധിക്കണം. ചികിത്സിച്ച ഡോക്ടർമാരുടെയും രോഗിയുടെയും വിശദമായ മൊഴി രേഖപ്പെടുത്തണം. ചികിത്സാ പിഴവുണ്ടായെങ്കിൽ അക്കാര്യം കമ്മീഷനിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കണം. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. ജില്ലാ പോലീസ് മേധാവിക്ക് കേസിന്റെ അന്വേഷണത്തിന് വിദഗ്ദ്ധ ഉപദേശം ആവശ്യമുണ്ടെങ്കിൽ അത് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സ്റ്റേറ്റ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് , സാക്ഷിമൊഴികൾ, ആശുപത്രി രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കമ്മീഷനിൽ സമർപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. രോഗിയുടെ ഭർത്താവ് പി. പത്മജിത്ത് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം കഴക്കൂട്ടം അരശുംമൂടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ നിന്നാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ 22 ദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]