
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ കൂറ്റന്‍ സ്കോറിന് പിന്നാലെ റെക്കോര്‍ഡുകള്‍ തീര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ്. ഇന്നിംഗ്സില്‍ ഏറ്റവും സിക്സുകളെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹൈദരാബാദിനായി. ഡല്‍ഹിക്കെതിരെ 22 സിക്സുകളാണ് ഹൈദരാബാദ് നേടിയത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേയും ഹൈദരാബാദ് 22 സിക്സുകള്‍ നേടിയിരുന്നു. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ആര്‍സിബിയാണ്. 2013ല്‍ പൂനെ ഇന്ത്യ വാരിയേഴ്സിനെതിരെ ആര്‍സിബി നേടിയത് 21 സിക്സുകളാണ്.
ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്കോര്‍ കൂടിയാണിത്. ഏറ്റവും ഉയര്‍ന്ന രണ്ട് സ്കോറുകളും ഹൈദരാബാദിന്റെ അക്കൗണ്ടിലാണ്. അതും ഇതേ സീസണില്‍ തന്നെ. ആര്‍സിബിക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണ്‍സ് നേടാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നിന് 277 അടിച്ചെടുക്കാനും ഹൈദരബാദിനായി. മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. ഡല്‍ഹിക്കെതിരെ വിശാഖപട്ടത്ത് അടിച്ചെടുത്തത് ഏഴിന് 272 റണ്‍സ്. ഇപ്പോള്‍ ഹൈദരാബാദിന്റെ 266 റണ്‍സും.
ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് – അഭിഷേക് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. അതും 6.1 ഓവറില്‍.
അടുത്ത പന്തില്‍ അഭിഷേക് പുറത്തായി. 12 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്സും രണ്ട് ഫോറും നേടി. കുല്‍ദീപിന്റെ പന്തില്‍ അക്സറിന് ക്യാച്ച്. അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) കുല്‍ദീപ് മടക്കി. ഒമ്പതാം ഓവറില്‍ ഹെഡിനേയും കുല്‍ദീപ് മടക്കി. ആറ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്. അടുത്ത ഓവറില്‍ ക്ലാസന്, അക്സറിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 154 എന്ന നിലയിലായി.
പിന്നീടെത്തിയ നിതീഷ് റെഡ്ഡി (37) ഹൈദരാബാദിന് വേണ്ടി നിര്‍ണായക സംഭാവന നല്കി. 17-ാം ഓവറിലെ അവസാന പന്തിലാണ് നിതീഷ് മടങ്ങുന്നത്. അപ്പോഴേക്കും സ്കോര്‍ 221 റണ്‍സായിരുന്നു. അബ്ദുള്‍ സമദ് (13), പാറ്റ് കമ്മിന്‍സ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ ഷഹ്ബാസിന്റെ അര്‍ധ സെഞ്ചുറി ഹൈദരാബാദിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും രണ്ട് ഫോറും നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുല്‍ദീപ് നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]