
ദില്ലി: ഐപിഎല്ലിൽ ഡൽഹി ഇന്ന് ഹൈദരാബാദിനെ നേരിടും. ദില്ലിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. വെടിക്കെട്ട് ബാറ്റര്‍മാരുടെ മികവില്‍ റൺമല കയറുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തുടർ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. മത്സരം രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമയിലും തത്സമയം കാണാം.
ഈ സീസണില്‍ റെക്കോർഡ് സ്കോറുകൾ ഹൈദരാബാദിന് ശീലമായിക്കഴിഞ്ഞു. സീസണില്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം കൂടിയാണിത്. വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ പിച്ച് ആരെ തുണക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങളില്‍ ഉയര്‍ന്ന സ്കോറുകള്‍ പിറന്നപ്പോള്‍ പിന്നീട് പിച്ച് സ്ലോ ആയതിനാല്‍ സ്കോറിംഗ് ബുദ്ധിമുട്ടായിരുന്നു.
തുടക്കത്തിലേ കത്തിക്കയറുന്ന ട്രാവിസ് ഹെഡ്. നല്ലപന്തുകൾ പോലും ഗാലറിയിലേക്ക് പറത്തുന്ന ഹെൻറിച് ക്ലാസൻ. മത്സരിച്ച് തകർത്തടിക്കുന്ന അഭിഷേക് ശർമ്മയും അബ്ദുൽ സമദും നിതീഷ് കുമാറും. ക്യാപ്റ്റൻ പാറ്റ് കമിൻസ് നയിക്കുന്ന ഹൈദരാബാദിന്റെ പേസ് നിരയും താരതമ്യേന ശക്തം.
മറുവശത്ത് ഇഷാന്ത് ശർമ്മ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ് ത്രയം ഗുജറാത്തിനെ 89 റണ്‍സിൽ എറിഞ്ഞൊതുക്കിയത് പോലെയുള്ള പ്രകടനം ആവർത്തിച്ചില്ലെങ്കിൽ ഡൽഹിക്ക് കാര്യങ്ങൾ ദുഷ്കരമാവും. കുൽദീപ് യാദവിന്റെയും അക്സർ പട്ടേലിന്റെയും ഇടംകൈയൻ സ്പിന്നിലും ഡൽഹി നായകൻ റിഷഭ് പന്തിന് പ്രതീക്ഷയേറെ. ഓപ്പണർ ഡേവിഡ് വാർണറുടെ പരിക്കാണ് ഡൽഹിയുടെ വലിയ ആശങ്ക.
അഭിഷേക് പോറലും പൃഥ്വി ഷോയും നന്നായി തുടങ്ങുന്നുണ്ടെങ്കിലും റിഷഭ് പന്തിന് എത്രത്തോളം പിന്തുണ നൽകുമെന്നുറപ്പില്ല. ജേക് ഫ്രേസര്‍ മക്ഗുര്‍കിന്റെ ഫോമിലാണ് ഡല്‍ഹിയുടെ മറ്റൊരു പ്രതീക്ഷ. നേർക്കുനേർ പോരിൽ ഇരുടീമും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്. പരസ്പരം ഏറ്റുമുട്ടിയ 23 കളിയിൽ ഹൈദരാബാദ് പന്ത്രണ്ടിലും ഡൽഹി പതിനൊന്നിലും ജയിച്ചു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോജയം വീതമായിരുന്നു.
Last Updated Apr 20, 2024, 9:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]