
ഭിന്നശേഷി സൗഹൃദ കേരളം എന്നും ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനം കൊള്ളുന്ന നമ്മൾ ഭിന്നശേഷിക്കാരെയും അവരുടെ അവകാശങ്ങളെയും എത്ര കണ്ടു മാനിക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ട സമയമാണിത്. കാരണം, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 93 സ്കൂളുകൾ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. കഴിഞ്ഞ വർഷം സമാനമായ അവസ്ഥയിൽ അടച്ച് പൂട്ടിയത് 43 സ്പെഷ്യൽ സ്കൂളുകളാണ്. സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികളെങ്കിലും ഒരു സ്കൂളിൽ വേണമെന്ന നിബന്ധനയാണ് തിരിച്ചടിയാകുന്നത്. സ്പെഷ്യൽ സ്കൂളുകളുടെ കാര്യത്തിൽ ഇപ്പോൾ സംജാതമായിരിക്കുന്ന ഈ അനിശ്ചിതാവസ്ഥ ആശങ്കയിലാക്കിയിരിക്കുന്നത് നൂറുകണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ നിസ്സഹായരായ മാതാപിതാക്കളെയുമാണ്. സ്പെഷ്യൽ സ്കൂളുകളെ കുറിച്ചും അവ എന്തുകൊണ്ടാണ് സ്പെഷ്യൽ ആകുന്നത് എന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ‘പ്രയത്ന’യുടെ സ്ഥാപകനും സീനിയർ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റും ആയ ഡോക്ടർ ജോസഫ് സണ്ണി കുന്നശ്ശേരി
എന്തുകൊണ്ട് സ്പെഷ്യൽ സ്കൂളുകൾ?
പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെ പരിപാലിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സ്കൂളുകളാണ് സ്പെഷ്യൽ സ്കൂളുകൾ. അവരുടെ പ്രത്യേക പഠന ബുദ്ധിമുട്ടുകൾ, ശാരീരിക വൈകല്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് വ്യക്തിഗത വിദ്യാഭ്യാസവും പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് ഇത്തരം സ്കൂളുകളുടെ ലക്ഷ്യം. പലപ്പോഴും മുഖ്യധാരാ സ്കൂളുകൾക്ക് ഇത്തരം പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല.
ഓരോ കുട്ടിക്കും ആവശ്യമായ വ്യക്തിഗത വിദ്യാഭ്യാസമാണ് സ്പെഷ്യൽ സ്കൂളുകളിൽ നൽകുന്നത്. പലതരത്തിൽ പല മേഖലകളിൽ കഴിവുള്ളവർ ആയിരിക്കാം ഭിന്നശേഷിക്കാരായ കുട്ടികൾ. അതുകൊണ്ടുതന്നെ അവരുടെ ഓരോരുത്തരുടെയും കഴിവുകൾ പ്രത്യേകം പ്രത്യേകം തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലനമാണ് സ്പെഷ്യൽ സ്കൂളുകളിൽ നടത്തുന്നത്. അക്കാദമിക് പരിശീലനങ്ങളെക്കാൾ കൂടുതലായി സ്വന്തമായി എങ്ങനെ കാര്യങ്ങൾ ചെയ്ത് ശീലിക്കാമെന്നാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത്. ഒരു കുട്ടി ഒരു കാര്യം പഠിക്കാൻ ചിലപ്പോൾ ആറോ ഏഴോ മാസം വരെ എടുത്തേക്കാം, അത്രയും സമയം ക്ഷമയോടെ ആ കുട്ടിയെ പരിശീലിപ്പിക്കാൻ പ്രത്യേക പരിശീലനം നേടിയ അധ്യാപകർക്ക് മാത്രമേ സാധിക്കൂ.
എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളിലും എന്തെങ്കിലും ഒരു കഴിവ് ഒളിഞ്ഞു കിടപ്പുണ്ടാകുമെന്നാണ് പറയുന്നത്. പലപ്പോഴും മാതാപിതാക്കളെക്കാൾ കൂടുതൽ ആ കഴിവ് കണ്ടെത്താനും അതിൽ പരിശീലനം നൽകാൻ സാധിക്കുന്നത് സ്പെഷ്യൽ സ്കൂളുകളിലെ പ്രത്യേക പരിശീലനം നേടിയ അധ്യാപകർക്കാണ്. അതുപോലെതന്നെ ഓരോ കുട്ടിക്കും ആവശ്യമായ രീതിയിൽ അക്കാദമിക് പരിശീലനം നൽകാനും വിലയിരുത്തൽ നടത്താനും സ്പെഷ്യൽ സ്കൂളുകളിൽ സാധിക്കുന്നതുപോലെ സാധാരണ സ്കൂളുകളിൽ സാധ്യമല്ല.
സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർ?
ഭിന്നശേഷിക്കാരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സമഗ്രമായ പരിശീലനം നേടിയിട്ടുള്ള അധ്യാപകരാണ് സ്പെഷ്യൽ സ്കൂളുകളിൽ ഉണ്ടാവുക. തങ്ങൾക്ക് മുൻപിൽ ഇരിക്കുന്ന കുട്ടികൾ ഒരേ പ്രായക്കാരാണെങ്കിൽ കൂടെയും വ്യത്യസ്തമായ രീതിയിൽ പെരുമാറുന്നവരും കാര്യങ്ങൾ ഗ്രഹിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഓരോ കുട്ടിയെയും സ്പെഷ്യലായി കരുതിയാണ് ഇവിടെ അധ്യാപകർ പരിശീലനം നൽകുക. മാനസികമായും വൈകാരികമായും സാമൂഹികമായും അവരെ വളർത്തുകയാണ് ഈ അധ്യാപകരുടെ ലക്ഷ്യം. അവരുടെ ഏതെങ്കിലുമൊക്കെ കഴിവ് കണ്ടെത്തി ഭാവി ജീവിതത്തിൽ അത് ഉപയോഗിക്കാൻ തക്കവിധത്തിൽ ആ മേഖലയിൽ അവരെ വളർത്തിയെടുക്കാനാണ് സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സ് ശ്രമിക്കുക.
സ്പെഷ്യൽ സ്കൂളുകളുടെ ആവശ്യമെന്ത്?
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളുകളിൽ പോകാനുള്ള അവസരം നഷ്ടമാകുമ്പോൾ സംഭവിക്കുന്നത് അവർ വീടുകളിലോ അടച്ചു മുറികളിലും മാത്രമായി ജീവിതം തള്ളിനീക്കേണ്ടി വരുമെന്നതാണ്. തങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അവർ നിഷ്ക്രിയരായി തീരും. സാമൂഹികമായ ഇടപെടലുകളും സൗഹൃദങ്ങളും നഷ്ടമാകും. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ തണലിൽ മാത്രം മുഴുവൻ സമയവും ചെലവഴിക്കുന്നത് അവരുടെ മാനസിക വികാസത്തെയും വൈകാരിക വളർച്ചയെയും സാരമായി ബാധിക്കും. ദിവസത്തിൽ മുഴുവൻ സമയവും ഇവരോടൊപ്പം ആയിരിക്കേണ്ടിവരുന്ന മാതാപിതാക്കളോ ബന്ധുക്കളോ ആയ വ്യക്തികൾക്കും അത് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കും.
സ്പെഷ്യൽ സ്കൂളുകൾ അടച്ചു പൂട്ടപ്പെടുമ്പോൾ ഇരുളടഞ്ഞ് പോകുന്നത് ഭിന്നശേഷിക്കാരായ നൂറുകണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഭാവിയും സ്വപ്നങ്ങളുമാണ്. സമൂഹത്തിലെ മറ്റേതൊരു വ്യക്തിയെ പോലെയും വിദ്യാഭ്യാസത്തിനും മാന്യമായ സാമൂഹിക ജീവിതത്തിനും അവകാശമുള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിൽ അവരുടെ മുമ്പിൽ തുറക്കാൻ ഇരിക്കുന്ന സാധ്യതകളുടെ ലോകത്തെ അടച്ചുപൂട്ടുന്നത് അനീതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net