
‘ശബ്ദം ഉയർത്തിയാൽ കൊല്ലും’: പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ തല്ലിച്ചതച്ചു; യുവതിയെയും വീട്ടിൽ കയറി മർദിച്ചു– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച് കാപ്പ കേസ് പ്രതി. പത്തിലേറെ കേസുകളിൽ പ്രതിയായിട്ടുള്ള ശ്രീരാജാണ് തന്റെ പെൺസുഹൃത്തിനോട് സംസാരിച്ചു എന്ന പേരിൽ യുവാവിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ശ്രീരാജ് തന്നെ മർദനമേറ്റ യുവാവിന്റെ ഫോണിൽ സ്റ്റേറ്റസ് ആയി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു മർദന വിവരം പുറത്തുവന്നത്. മർദനമേറ്റ യുവാവിന്റെ ഫോണിൽ തന്നെ വിഡിയോ സ്റ്റേറ്റസ് ആക്കിയത് തന്റെ പെൺസുഹൃത്തിനുള്ള മുന്നറിയിപ്പിന്റെ ഭാഗമാണെന്നാണ് ശ്രീരാജ് പറയുന്നത്.
കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ക്രൂരമായ മർദനമേറ്റ യുവാവ് വേദന സഹിക്കാനാകാതെ നിലവിളിക്കുമ്പോൾ, ‘ശബ്ദം ഉയർത്തിയാൽ കൊന്നു കളയും നാവും ചെവിയും മുറിച്ചുകളയും’ തുടങ്ങിയ ഭീഷണികൾ ശ്രീരാജ് ഉയർത്തുന്നത് വിഡിയോയിൽ വ്യക്തമാണ്. കൊച്ചി താന്തോനി തുരുത്ത് കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ശ്രീരാജ് പൊലീസിന് സ്ഥിരം തലവേദനയാണ്. ലഹരി കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
ഓരോ പ്രശ്നത്തിന് പിന്നാലെയും താന്തോനി തുരുത്തിലെത്തുന്ന ശ്രീരാജ് പൊലീസിന്റെ സാന്നിധ്യം അറിയുന്ന ഉടൻതന്നെ കായലിൽ ചാടി നീന്തി രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുളവുകാട് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കാപ്പ ചുമത്തപ്പെട്ട ശ്രീരാജിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ച് വീണ്ടും കൊച്ചിയിലെത്തിയാണ് ഇയാൾ യുവാവിനെ തല്ലിച്ചതച്ചത്.
യുവാവുമായി സംസാരിച്ച പെൺ സുഹൃത്തിനെയും ശ്രീരാജ് വീട്ടിൽ കയറി ആക്രമിച്ചു. യുവതിയുടെ കാലിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ശ്രീരാജ് വീടിന് കേടുപാടുകൾ വരുത്തുകയും യുവതിയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ പരാതിയിലും ശ്രീരാജിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.