
കോപ്പൻഹേഗന്‍: യുവേഫ നേഷൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് ഡെന്മാർക്കിന് ജയം. എതിരില്ലാത്ത ഒരുഗോളിനാണ് ഡെന്മാർക്ക് ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങി 78- മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ റാസ്മസ് ഹോളണ്ടാണ് ഡെന്മാര്ക്കിന്റെ വിജയഗോൾ നേടിയത്. ആദ്യ ഇലവനില്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിമനെസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് അവസരം നല്കി. എന്നാല്‍ മുന്നേറ്റനിരയില്‍ റൊണാള്‍ഡോക്ക് തിളങ്ങാനായില്ല. 2019ല്‍ തുടങ്ങിയ നേഷൻസ് ലീഗിലെ ആദ്യ ജേതാക്കള്‍ കൂടിയാണ് പോര്‍ച്ചുഗല്‍. രണ്ടാം പാദ ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചില്ലെങ്കില്‍ പോര്‍ച്ചുഗല്‍ സെമിയിലെത്താതെ പുറത്താവും.
മറ്റൊരു ക്വാർട്ടറിൽ ഫ്രാൻസിനെ ക്രൊയേഷ്യ തകര്‍ത്തുവിട്ടു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്റെ ബുഡിമിറും ഇവാൻ പെരിസിച്ചുമാണ് ഗോൾ നേടിയത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയ്ക്ക് തിളങ്ങാനാവാതിരുന്നത് ഫ്രാന്‍സിന് തിരിച്ചടിയായി.
നേഷന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സ്പെയിനും നെതർലൻഡ്സും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറി സമയത്ത് മൈക്കിൾ മെറിനൊയാണ് നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. നിക്കൊ വില്യംസിന്റെ ഗോളിൽ സ്പെയിൻ 9- മിനിറ്റിൽ മുന്നിലെത്തിയിരുന്നെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് നെതർലൻഡ്സ് സ്പെയിനെ വിറപ്പിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ഇറ്റലിയെ ജർമ്മനി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. ടൊണാലിയുടെ ഗോളിൽ 9- മിനിറ്റിൽ മുന്നിൽ നിന്ന ശേഷമാണ് ഇറ്റലി തോൽവി വഴങ്ങിയത്. 49-ാം മിനിറ്റില്‍ ടിം ക്ലൈന്‍ഡിസ്റ്റും 76-ാം മിനിറ്റില്‍ ലിയോണ്‍ ഗോറെട്സകയുമാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]