
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകർ പൊലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. തലശേരി മണോലി കാവിൽ ഉത്സവത്തിനിടെയാണ് സംഭവം. തുടർന്ന് സംഭവത്തിൽ പങ്കുള്ള 55 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഇവിടെ കാവിൽ ഉത്സവത്തിനിടെ സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ പങ്കുള്ള സിപിഎം പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എത്തിയത്. ഇതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ആളെ പൊലീസ് കൊണ്ടുപോകുന്നത് തടഞ്ഞ പ്രവർത്തകർ കാവിന്റെ ഗേറ്റ് പൂട്ടിയിട്ട് പ്രവർത്തകനുമായി പോയി.
പത്തോളം പൊലീസുകാർ മാത്രമാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. തിരുവങ്ങാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി ജിതുൻ അടക്കമുള്ളവരാണ് പൊലീസിനെ പൂട്ടിയിട്ട് പ്രതിയെ കൊണ്ടുപോയത്. തങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ ഒരു പൊലീസുകാരനും തലശേരിയിലുണ്ടാകില്ല എന്ന് പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി-സിപിഎം സംഘർഷത്തിനിടെ സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറിയ സംഭവമടക്കം ഇവിടെ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]