
വാഷിംഗ്ടൺ : യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ വീണ്ടും വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ആഴ്ച, യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ യുക്രെയിനിലെ ഔദ്യോഗിക സന്ദർശനവേളയിൽ മോശമായാണ് സെലെൻസ്കി പെരുമാറിയതെന്ന് ട്രംപ് ആരോപിച്ചു. സുരക്ഷാ പിന്തുണയ്ക്ക് പകരമായി യുക്രെയിനിലെ അപൂർവ്വ ധാതു മേഖലയിലേക്ക് യു.എസിന് പ്രവേശനം അനുവദിക്കുന്ന കരാറിന്റെ ചർച്ചയ്ക്കാണ് ബെസന്റ് യുക്രെയിനിലെത്തിയത്. ബെസന്റ് എത്തിയപ്പോൾ സെലെൻസ്കി ഉറങ്ങുകയായിരുന്നെന്നും കാണാൻ സാധിച്ചില്ലെന്നും ട്രംപ് പറയുന്നു. രേഖകളിൽ സെലെൻസ്കി ഒപ്പിട്ടില്ലെന്നും കുറ്റപ്പെടുത്തി. സെലെൻസ്കിയെ ട്രംപ് കഴിഞ്ഞ ദിവസം ‘സ്വേച്ഛാധിപതി”യെന്ന് വിശേഷിപ്പിച്ചിരുന്നു. സൗദി അറേബ്യയിൽ നടന്ന യു.എസ്-റഷ്യ ചർച്ചയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിൽ സെലെൻസ്കി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ട്രംപ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.