ലോകം 2025 ലേക്ക് ചുവടുവച്ചപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിന്നുള്ള നടന്ന കനൽ കൂടിയായി അത്. പുതിയ നൂറ്റാണ്ട് പിറന്നപ്പോള്‍ തന്നെ നമ്മുടെ വിജ്ഞാന വ്യാവഹാര മേഖലയിലേക്ക് കടന്നെത്തിയ ഒരു വാക്കാണ് ‘സത്യാനന്തരം ‘ അഥവാ ‘പോസ്റ്റ് ട്രൂത്ത്’. യാഥാര്‍ത്ഥ്യത്തിനും വസ്തുതകള്‍ക്കും യുക്തിചിന്തകള്‍ക്കും അതീതമായി വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും ആചാരങ്ങള്‍ക്കുമൊക്കെ മൂന്‍തൂക്കം കിട്ടുന്ന ഒരു സാഹചര്യത്തെയാണ് സത്യാനന്തരകാലമെന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്നത്.
ലോകമെങ്ങും ഈ അവസ്ഥയ്ക്ക് എത്ര ദൃഷ്ടാന്തങ്ങള്‍ വേണമെങ്കിലും കണ്ടെത്താന്‍ പറ്റും. റഷ്യ- യുക്രെയിന് യുദ്ധം, ഹമാസ് – ഇസ്രായേല്‍ സംഘര്‍ഷം, അഫ്ഗാനിസ്ഥാനിലെ ഭീകരഭരണം, ബംഗ്ലാദേശ്, ഇറാന്, ലിബിയ, സിറിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ എല്ലാം തന്നെ സത്യാനന്തരകാലം എന്ന സവിശേഷാവസ്ഥയുടെ സൂചകങ്ങളാണ്. കാലം ശാസ്ത്രീയ നേട്ടങ്ങളിലൂടെ പുരോമിക്കുമ്പോഴും മനുഷ്യന് മാനസിക പുരോഗതി നേടുന്നില്ലായെന്ന അനഭലഷണീയമായ പ്രവണതയാണ് ലോകത്തിന്റെ പലഭാഗത്തും നമുക്ക് ദര്‍ശിക്കാനാവുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിന്നിട്ട ആദ്യപാദങ്ങള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ അതിശയിപ്പിക്കുന്ന മുന്നേറ്റങ്ങളാണ് സാധ്യമാക്കിയിട്ടുള്ളത്. വരുംകാലങ്ങളെ പ്രവചനാതീതമാക്കുന്ന വികാസ പരിണാമങ്ങളാണ് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വികാസ പരിണാമങ്ങള്‍ ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെയും സ്വഭാവത്തെയും ശീലങ്ങളെയും അനുകൂലമായും പ്രതികൂലമായും മാറ്റിമറിച്ചിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ചിന്തിക്കാന്‍ പോലും ആകാതിരുന്ന മാറ്റങ്ങളാണ് മനുഷ്യജീവിതത്തില്‍ ഈ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവ്യമായത്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ശോഷണം സംഭവിച്ച ഒരു ജീവിതാവസ്ഥയാണ് കാത്തിരിപ്പ്. ആശയവിനിമയം തൊട്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുവരെ കാത്തിരിപ്പും ക്യൂവും എല്ലാം ഒരു കാലത്ത് ജീവിതക്രമം ആയിരുന്നെങ്കില്‍ ഇന്ന് ആ അവസ്ഥ ഇല്ലാതായിവരികയാണ്. കാത്തിരിപ്പ് വേണ്ടാത്ത പണം കൈമാറ്റം ജീവിത വ്യവഹാരങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ് ഇപ്പോള്‍.
എ.ടി.എമ്മിനെയും ഡെബിറ്റ് കാര്‍ഡുകളെയും പിന്തള്ളി യുപിഐ എന്ന യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് നിലവില്‍ വന്നതോടെ മണിപേഴ്സ് മൊബൈലായി മാറി. ചെക്കുബുക്കുകള്‍ കാലഹരണപ്പെട്ടുതുടങ്ങി. ഓഹരി വിപണിപോലും വിരല്‍ തുമ്പിലായി. ഡിജിറ്റല്‍ കറന്‍സിയുടെ വളര്‍ച്ച സാമ്പത്തിക വിനിമയ മേഖലയെ ആകെ കയ്യടക്കുകയാണ്.ജിപിഎസ് എന്ന ഗൂഗിള്‍ മാപ്പ് 2005ല്‍ സേവനം തുടങ്ങിയതോടെ ഏത് ഓണം കേറാമൂലയിലും ആരോടും വഴി ചോദിക്കാതെ കടന്നെത്താമെന്നായിരിക്കുന്നു.
യാത്രകളിലെ വിശ്വസ്ത പങ്കാളിയായി ജിപിഎസ് മാറിയതോടെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് മനുഷ്യന്റെ സഞ്ചാരവീഥികളില്‍ വന്നു ഭവിച്ചിരിക്കുന്നത്. മാര്‍ഗ്ഗവും ലക്ഷ്യവും സുവ്യക്തമായതോടെ വാഹന സഞ്ചാരങ്ങളുടെ വേഗം മൂന്നിരിട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉപരിതല ഗതാഗതത്തില്‍ ഒട്ടേറെ സമയലാഭമാണ് കൈവന്നിട്ടുളളത്. വേഗതയെ വെല്ലുവിളിയോടെ ഏറ്റെടുക്കാന്‍ ഒട്ടേറെ ഹൈബ്രിഡ് വാഹനങ്ങളും രംഗത്തെത്തിയിട്ടുണ്ട് .
2002 വരെ ഇന്ത്യയില്‍ 75 കി.മീറ്റര്‍ വേഗത്തിൽ ഓടിയിരുന്ന ട്രെയിനുകൾ ഇപ്പോൾ 130 മുതല്‍ 300 കി.മീ. വരെ വേഗത്തിലോടുന്നു. അതിനിയും കൂടിക്കൊണ്ടിരിക്കും. ഇക്കാലത്ത് സമൂഹ മാധ്യമങ്ങള്‍ ഒരുക്കുന്ന സേവനങ്ങളും എടുത്തു പറയേണ്ടത് തന്നെയാണ്. എഴുത്തിന്റെയും ആശയവിനിമയത്തിന്റെയും കുത്തകകളെയാകെ സമൂഹ മാധ്യമങ്ങള്‍ തകര്‍ത്തെറിഞ്ഞ് ആശയ പ്രകാശനത്തിന് വൈവിദ്ധ്യമാര്‍ന്ന സാദ്ധ്യതകളാണ് അവ ഇന്ന് സാധാരണ പൗരന് മുന്നില്‍ തുറന്നുകൊടുത്തിരിക്കുന്നത്. പ്രായത്തിനും ആവശ്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച് നിരവധിയായ പ്ലാറ്റ്ഫോമുകളാണ് സമൂഹമാധ്യമങ്ങള്‍ വേര്‍തിരിവില്ലാതെ നല്‍കുന്നത്.
നിര്‍മ്മിതബുദ്ധിയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മറ്റൊരു ഗോലിയത്താവുമോ അതോ ദാവൂദ് ആയി നിലനില്‍ക്കുമോ എന്നൊന്നും അനുമാനിക്കാനാവാത്ത അവസ്ഥയിലൂടെയാണ് സൈബർ – ഡിജിറ്റല്‍ ലോകം കടന്നുപോകുന്നത്. സൈബറിടങ്ങള്‍ അത് രൂപകല്പന ചെയ്ത മനുഷ്യന്റെ സങ്കല്പങ്ങളെയും കടത്തിവെട്ടി മുന്നേറുകയാണെന്നൊരു ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
2025 പ്രാഥമിക ഓഹരി വിപണിയില്‍ മികച്ച വര്‍ഷമാകുമെന്ന് വിവിധ മര്‍ച്ചന്റ് ബാങ്കിംഗ് കമ്പനികള്‍ സൂചിപ്പിക്കുന്നു. രണ്ടുലക്ഷം കോടി രൂപയിലധികം സമാഹരിക്കപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ച് കടന്നുപോയ വര്‍ഷത്തെ ചരിത്ര വര്‍ഷമെന്ന് തന്നെ പറയാം. ഐ.പി.ഒ വിപണിയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏത് യുപിഐ ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് വഴിയൊരുക്കുന്നത് യുപിഐ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കും. വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാവുന്നത് കൂടുതല്‍ സമയലാഭം സൃഷ്ടിക്കുകയും ഇടപാടുകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയെന്ന പദവിയോടടുക്കുന്ന ഇന്ത്യയുടെ കാൽവയ്പുകളെ ത്വരിതപ്പെടുത്തുന്നത് ഓഹരി വിപണി തന്നെയായിരിക്കും.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദംകൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ഏറ്റവും നല്ല ഗുണഭോക്താവും പ്രയോക്താവും ഇന്ത്യയാണ്. ലോകത്ത് മറ്റുകോണുകളില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും അസ്തമിക്കുന്ന കാഴ്ചകള്‍ ധാരാളമാണെങ്കില്‍ ഇന്ത്യ കെട്ടുറപ്പുളള ജനാധിപത്യരാഷ്ട്രമായി എല്ലാ രംഗങ്ങളിലും മുന്നേറുന്നത് ആശാവഹമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത ആത്മീയ പാരമ്പര്യവും പൈതൃകങ്ങളുമുള്ള ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അര്‍ദ്ധപാദത്തില്‍ ലോകത്തിന്റെ നേതൃപദവിയിലേക്കെത്തുമെന്ന കാര്യത്തില്‍ സംശയമേയില്ല.
* ( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)