
9:35 AM IST:
നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
9:35 AM IST:
ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്.ഇ ബസ് ലാഭത്തിലാണ്.ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി.ഈ കാലയളവില്‍ 18901 സര്‍വ്വീസ് നടത്തിയത്.ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു.36.66 രൂപ ശരാശരി വരുമാനം ലഭിച്ചു.ചെലവുകൾ കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
9:34 AM IST:
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ തിരിച്ചു പിടിക്കാന്‍ വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും ദേശീയതലത്തിലെ സംഘടനാ ചുമതലകളുടെ തിരക്കാണ് മത്സരത്തില്‍ നിന്ന് കെസിയെ പിന്തിരിപ്പിക്കുന്ന ഘടകം. കെ.സി ഇല്ലെങ്കില്‍ പകരം ആരെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിനായിട്ടില്ല.
9:34 AM IST:
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നു. അയോധ്യയുടെ വികസനത്തിൽ വലിയ സന്തോഷം. മസ്ജിദ് വേഗത്തിൽ യാഥാർത്ഥ്യമാക്കണം. അല്ലെങ്കിൽ ആ സ്ഥലത്ത് കൃഷി നടത്തണം. കൃഷി നടത്തിയശേഷം വിളവ് ഹിന്ദുക്കളും, മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാൽ അൻസാരി പറഞ്ഞു.
7:22 AM IST:
ആൾക്കൂട്ടത്തിനിടയിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്.വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപം ആയിരുന്നു സംഭവം. ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ വിവാദമായി. സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടിയാണ് പൊലീ
7:20 AM IST:
പാണക്കാട് കുടുംബാംഗത്തിനെതിരെ വധഭീഷണി. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെയാണ് ഫോണിലൂടെയുള്ള ഭീഷണി സന്ദേശം. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് ഭീഷണി സന്ദേശം. തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തിൽ പറയുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു. ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പോലീസിന് കൈമാറി.
7:18 AM IST:
തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ സസ്പെന്‍ഷനിലായ അധ്യാപിക ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ കുടുക്കാന്‍ വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് സസ്പെന്‍ഷനിലായ അധ്യാപിക മിലീന ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലെ മറ്റൊരു അധ്യാപികയുടെ നേതൃത്വത്തിൽ വന്‍ ഗൂഢാലോചന നടന്നുവെന്ന് മിലീന ആരോപിച്ചു. വിദ്യാർത്ഥികളെ കോപ്പി അടിക്കാൻ സഹായിച്ച അദ്ധ്യാപികയാണവർ. ഉത്തരസൂചിക നൽകി അവർ പരീക്ഷ നടത്തി.
ഇക്കാര്യങ്ങളെല്ലാം കണ്ടുപിടിച്ച് വിദ്യാഭ്യാസ വകുപ്പിനെ താൻ അറിയിച്ചു. അതിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നാടകം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ അദ്ധ്യാപിക ബലിയാടാക്കുകയായിരുന്നുവെന്നും മിലീന ആരോപിച്ചു.
7:17 AM IST:
സർക്കാറിന്റെ നവകേരള സദസിനായി പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായെന്ന് ചോദ്യങ്ങളില്‍ മറുപടി പറയാതെ അധികൃതര്‍. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദ് വിവരാവകാശ നിയമ പ്രകാരം നല്കിയ ചോദ്യങ്ങളിലാണ് സര്‍ക്കാരിന്റെ വിചിത്ര മറുപടി. ദിവസങ്ങള്‍ക്ക് മുമ്പ് നല്കിയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴാണ് മറുപടി വന്നതെങ്കിലും അതില്‍ വ്യക്തമായ മറുപടിയില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് പറയുന്നത്. മന്ത്രിസഭയുടെ കേരള പര്യടനത്തിന് പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ കണക്ക് കയ്യില്‍ ഇല്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇക്കാര്യം ഡിജിപിയോട് ചോദിക്കണമെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. വിവരങ്ങള്‍ മനപ്പൂര്‍വം തരാത്തതാണെന്ന വിമര്‍ശനമാണ് കുഞ്ഞുമുഹമ്മദ് ഉന്നയിക്കുന്നത്