
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരു പരിചയവുമില്ലാത്ത, പേരുപോലുമറിയാത്ത ഒരുവള്‍ ഓര്‍മയില്‍ സ്ഥിരതാമസക്കാരിക്കിയ കഥ. വേണമെങ്കില്‍ ഞാനിനി പറയാന്‍ പോവുന്ന കാര്യത്തെ നിങ്ങള്‍ക്ക് അങ്ങനെ കാണാം. അല്ലെങ്കില്‍, ആരാലുമല്ലാത്ത ഒരുവളുടെ ജീവിതത്തിന്റെ തുടര്‍ച്ച ജീവിക്കാന്‍ വിധിക്കപ്പെടുന്ന ഒരുവളുടെ ബാധയിറക്കലായും നിങ്ങള്‍ക്ക് ഈ വരികളെ വായിക്കാം. രണ്ടായാലും ഈ പറച്ചില് അനിവാര്യതയാണ്, നിസ്സഹായതയും.
ആരാണ് ആ ഒരുവള്‍?
അറിയില്ല. അതാണ് ഉത്തരം.
എന്താണ് അവളുടെ പേരെന്നറിയില്ല. ആരാണ് അവളെന്നും. പക്ഷേ, ഈ കഥ പറയാതിരിക്കാന്‍ വയ്യാത്തതിനാല്‍, തല്ക്കാലം, അവളെ നാമമില്ലാത്തവള്‍ എന്നര്‍ത്ഥമുള്ള അനാമിക എന്നു ഞാന്‍ വിളിക്കട്ടെ.
കഴിഞ്ഞ ദിവസം വന്നൊരു ഇ- മെയിലാണ് അവളിലേക്ക് എന്നെ കൊണ്ടുപോയത്. ആ മെയിലിലുള്ള കാര്യങ്ങള്‍ സത്യമാണോ അവള് യാഥാര്‍ത്ഥ്യമാണോ എെന്നാന്നുമറിയില്ല. ആ മെയിലില്‍ പറയുന്നതെല്ലാം സത്യമെങ്കില്‍, അവളിപ്പോള്‍ ജീവനോടെ ഉണ്ടാവില്ല. ഞാനെഴുതുന്ന അവളുടെ കഥയോ അനുഭവമോ അവള് വായിക്കാനുമിടയില്ല. ഇനി അവള് ജീവനോടെ ഉണ്ടെങ്കില്‍, അവള്‍ക്കിത് വായിക്കാനുള്ള മനസ്സ് ഉണ്ടാവാനും ഇടയില്ല. ഭീകരമായ മനത്തകര്ച്ച അവളെ എങ്ങോട്ട് കൊണ്ടു പോവും എന്നുമറിയില്ല.
ഇങ്ങനെ ഒരാള്‍ ഉണ്ടോ എന്ന് ഒരുറപ്പുമില്ലെങ്കിലും ആ മെയിലിലെ ഓരോ അക്ഷരങ്ങളിലും അവളുടെ സാന്നിധ്യം എനിക്കിപ്പോള്‍ അറിയാന്‍ കഴിയുന്നു. അദൃശ്യമായ ഏതോ ചരട് സവിശേഷമായ വിധത്തില്‍ ഞങ്ങളെ ബന്ധിപ്പിക്കുന്നു.
ഇത്രയും കേള്‍ക്കുമ്പോള്‍, എന്താണ് ആ മെയിലില്‍ എന്നറിയാനുള്ള ഒരാകാംക്ഷ നിങ്ങള്‍ക്കും വന്നുകാണണണം, പ്രിയപ്പെട്ട വായനക്കാരാ. ഉറപ്പായുമതെ. അവള്‍ക്കെന്തു പറ്റി എന്നറിയാന്‍ എനിക്കുള്ള ആകാംക്ഷയേക്കാള്‍ ഒട്ടും ചെറുതാവില്ല അത്. ആകാംക്ഷയുടെ ആ വിശപ്പ് ശമിപ്പിക്കാന്‍ ഇനിയാ മെയിലിനു മാത്രമേ കഴിയൂ. ഇതാ, ഇതാണാ മെയില്‍:
‘പ്രിയപ്പെട്ട ചേച്ചി,
നമുക്ക് നേരിട്ട് പരിചയമില്ല. ഫേസ് ബുക്കില്‍ ഫ്രണ്ട്സ് മാത്രമാണ്. ഒരിക്കലും സംസാരിച്ചിട്ടില്ല. പക്ഷെ എന്തുകൊണ്ടോ നിങ്ങളെ എനിക്കിഷ്ടമാണ്. ഈ മുഖം ഓര്‍മിപ്പിക്കുന്നത് ഒരു കാലത്ത് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന, പിന്നീട് നഷ്ടപ്പെട്ടുപോയ ഒരാളെയാണ്. പറഞ്ഞിട്ടുപോകാന്‍ ആരെങ്കിലുമുണ്ടോ എന്നോര്‍ത്തപ്പോള്‍ നിങ്ങള്‍ മനസ്സില്‍ വന്നു.
എന്റെ പേരോ മറ്റു വിവരങ്ങളൊ പറയുന്നില്ല. നാളെ കഴിഞ്ഞാല്‍ എന്റെ പേരിനു പ്രസക്തി ഇല്ലാതാവും. എന്റെ ഭര്‍ത്താവും മകളും അച്ഛനുമമ്മയും എല്ലാം എന്നെ ഓര്‍ക്കും. ദുഃഖത്തോടെ അതിലുപരി വെറുപ്പോടെ അവരുടെ മനസ്സില്‍ കുറെ നാളുകൂടി ഞാന്‍ ഉണ്ടാവും. ആത്മഹത്യ ചെയ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചിലപ്പോള്‍ ജീവിച്ചിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനേക്കാള്‍ ഭീകരമായിരിക്കും. സ്വയമാണെങ്കിലും ഹത്യ പാപം തന്നെ. ഇനിയൊരു ജന്മമോ മോക്ഷമോ ഒന്നും ഉണ്ടാവുകയില്ലെന്നാണ് കേട്ടിട്ടുള്ളത്. എങ്കിലും എനിക്കു മരിക്കാതെ വയ്യ. ഭയന്നു ഭയന്നു ജീവിക്കാന്‍ വയ്യ.
അതേ ചേച്ചി. ഭയമാണെന്റെ പ്രശ്നം. അതെങ്ങനെ പറഞ്ഞുമനസ്സിലാക്കണമെന്ന് എനിക്കറിയില്ല. വെള്ളം, ഇരുട്ട്, വാഹനം, മനുഷ്യര്‍ അങ്ങനെ ആരോടും എന്തിനോടും പേടി തോന്നുന്നു. ഞരമ്പുകളില്‍ പടര്‍ന്നു കയറി നെഞ്ചു വരിഞ്ഞു മുറുക്കി കണ്ണുകളില്‍ ഇരുട്ട് നിറച്ച് ശ്വാസം മുട്ടിച്ച് പേടി എന്നെ കീഴ്പെടുത്തുന്നു.. ഒറ്റക്കിരിക്കുമ്പോള്‍ ആരൊക്കെയോ എനിക്കു ചുറ്റും ഉണ്ടെന്നു തോന്നുന്നു. അവര്‍ പതിഞ്ഞശബ്ദത്തില് എനിക്കെതിരായി സംസാരിക്കുന്നത് കേള്‍ക്കുന്നു. ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. അമ്മയോട് പറഞ്ഞു. സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷെ ആര്‍ക്കും മനസ്സിലാവുന്നില്ല. വേറൊന്നും ചിന്തിക്കാന്‍ ഇല്ലാത്തതുകൊണ്ടാണെന്നു അവര്‍ കുറ്റപ്പെടുത്തുന്നു. മനുഷ്യന്റെ കഷ്ടപ്പാട് അറിയണമെങ്കില്‍ മാളിക മുകളില്‍ നിന്നു താഴോട്ട് ഇറങ്ങിനോക്ക് എന്നാണ് ഉപദേശം.
ഭയം കൊണ്ടു പണിത തുരുത്തിലാണ് ഞാന്‍. പുറത്തു കടക്കാന്‍ കുറെ ശ്രമിച്ചുനോക്കി. ഒരു ഡോക്ടറെ കാണണമെന്ന് ആഗ്രഹിച്ചപ്പോള്‍, ‘വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടിയുണ്ട് നിനക്ക്’ എന്നായിരുന്നു അമ്മ പറഞ്ഞത്. ബാത്റൂമില്‍ ഒരു ബക്കറ്റ് നിറയെ വെള്ളം കണ്ടാല്‍ ഉള്ളില്‍ തീകത്താന്‍ തുടങ്ങും. മോള്‍ക്ക് അപകടം പറ്റുമോ എന്ന ചിന്തിച്ചു പുറത്തു നിന്നു അവളെ വെറുതെ വിളിച്ചുകൊണ്ടിരിക്കും. ആദ്യം അവള്‍ക്കതു തമാശയായിരുന്നു.ഇപ്പോള്‍ ദേഷ്യം വരാന്‍ തുടങ്ങി.
അവളുടെ ഈ പ്രായത്തിലാണ് ഞാന്‍ വെള്ളത്തില്‍ വീണത്. വലിയ കുളമായിരുന്നു. മുതലയുടെ മാളങ്ങള്‍ കണ്ടിരുന്നത് കൊണ്ടു അമ്മ കുളത്തില്‍ പോകാന്‍ സമ്മതിച്ചിരുന്നില്ല. വിരിഞ്ഞു നിന്നിരുന്ന ചുവന്ന താമരപ്പൂക്കളുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ പതിമൂന്നുകാരിക്ക് കഴിഞ്ഞില്ല. വെള്ളത്തില്‍ ഇറങ്ങിപ്പോയി. ഓര്മ വന്നപ്പോള്‍ അമ്മയുടെ മടിയില്‍ കിടക്കുന്നു. മുതലയുടെ മാളത്തില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നത്രെ.
ചില രാത്രികളില്‍ ഇന്നും അമ്പലക്കുളത്തിലെ പായലും പച്ചയും രുചിച്ചു വായില്‍ കയ്പ്പു നിറയും. പരുപരുത്തൊരു ഉരഗസ്പര്ശം ഉടലിനെ ചുറ്റിവരിയും. ചൂടുള്ളൊരു ശ്വാസം മുഖത്തമര്‍ന്നു ശ്വാസം മുട്ടും. വെള്ളം നിറച്ച ബക്കറ്റിനടുത്തു എന്റെ കുഞ്ഞിനെ തനിച്ചു വിടരുതെന്നു ആരോ പറയുന്നപോലെ തോന്നും.
ലൈറ്റ് ഓഫ് ചെയ്താലേ അദ്ദേഹം ഉറങ്ങുകയുള്ളു. എനിക്കു ലൈറ്റ് അണച്ചാല് പേടി കൂടും. ഇരുളിന്റെ മറവില്‍ നിഴലുകള്‍ പ്രത്യക്ഷപ്പെടും. അവയ്ക്ക് കൈകാലുകള്‍ മുളക്കും. നാക്കു നീട്ടിക്കൊണ്ട് വരുന്ന അവയില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ലൈറ്റിടും. വെളിച്ചം ഇഷ്ടമല്ലെന്നു പറഞ്ഞ് ഇപ്പോള്‍ അടുത്ത റൂമിലാണ് കിടക്കുന്നത്. ആദ്യകാലങ്ങളില്‍ വെളിച്ചമായിരുന്നു ഇഷ്ടം.
ഒറ്റയ്ക്ക് കിടക്കുമ്പോള്‍ ഞാന്‍ ചേച്ചിയുടെ മുഖഛായയുള്ള എന്റെ സുഹൃത്തിനെ ഓര്‍ക്കും. എന്റെ ഇങ്ങനെയുള്ള പേടികളെ എത്ര അലിവോടെയാണ് അവള് കണ്ടിരുന്നത്. കോളേജിലും ഹോസ്റ്റലിലും അവള് എനിക്കു തുണയായി നിന്നു. ഇരുട്ടില്‍ പ്രകാശമായി. വേനല്‍ വറുതിയില്‍ എനിക്കു മാത്രമായി ഒരു കുടന്ന ദാഹജലം കരുതി. അവളുടെ വിരല്‍ തണുപ്പില്‍ എന്റെ മുറിപ്പാടുകള്‍ സാന്ത്വനപ്പെട്ടു. സൗഹൃദത്തിന്റെ അനന്ത സാധ്യതകള്‍ തേടി സ്വച്ഛ സുന്ദരമായ ഹൃദയാകാശത്ത് ഞങ്ങള്‍ ചിറകുകള് വീശി ഒന്നിച്ചു പറന്നു. എന്റെ ഏകാന്തമായ വൈകാരിക തലങ്ങളില്‍ പുതിയനാമ്പുകള്‍ തളിരിട്ടു. ക്ഷണികമായിരുന്നു ആ സന്തോഷങ്ങള്‍. എന്റെ കണ്മുന്നില് വെച്ചാണ് അവള് അപകടത്തില്‍ പെട്ടത്. ആ സ്നേഹ സാന്ത്വനം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയി.
വാഹനങ്ങള്‍ നിറഞ്ഞ റോഡില്‍ കൂടെ പോവുമ്പോള്‍ ഞാന്‍ കണ്ണടച്ചിരിക്കും. നെഞ്ചിടിപ്പിന്റെ ശബ്ദം അടുത്തിരിക്കുന്നവര്‍ക്ക് കൂടി കേള്‍ക്കാം. യാത്ര ഇഷ്ടമില്ലാത്തത് കൊണ്ട് ഭര്‍ത്താവും മകളും നിര്‍ബന്ധിക്കാറില്ല. എന്നെ കൊണ്ടുപോയാല്‍ ഉണ്ടാവുന്ന സൈ്വരക്കേടുകള്‍ അവര്‍ ഒഴിവാക്കുകയാണെന്ന് അറിയാം.
എന്റെ ചുറ്റുമുള്ളവര്‍ക്ക് എന്നെ മനസ്സിലാവുന്നില്ല. മകള്‍ക്കു പോലും. ഫ്രണ്ട്സിന്റെ കൂടെ പിക്നിക്കിന് വിടാത്ത, ട്യൂഷന് പറഞ്ഞയക്കാത്ത, പാട്ടിനോ ഡാന്‍സിനോ ചേരാന്‍ സമ്മതിക്കാത്ത, എന്നെ അവള് എങ്ങനെ ഇഷ്ടപ്പെടും?എനിക്കു പോലും എന്നെ ഇഷ്ടമില്ല..
അദ്ദേഹത്തിനു എന്നോ മടുത്തുകഴിഞ്ഞു. കുട്ടിയുണ്ടായിപ്പോയി എന്നു സ്വയം പറയുന്നത് കേള്‍ക്കാം.. ചിരിക്കാത്ത, മിണ്ടാത്ത, പേടിയാവുന്നു എന്ന് മാത്രം ജപിക്കുന്ന, വേവലാതികള്‍ നിറഞ്ഞ മുഖമുള്ള എന്നെ മടുക്കാതിരിക്കുന്നതെങ്ങിനെ? എനിക്കു പോലും എന്നെ മടുപ്പാണ്..
വാശിക്കാരിയായ മകളെ അച്ഛനുമമ്മക്കും ശങ്കയായിരുന്നു. വാശിയുടെ ഫലം നാശമെന്നു ഓര്‍മിപ്പിക്കുമായിരുന്നു. വാശിയായിരുന്നില്ല പേടിയായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് അവരും മനസിലാക്കിയില്ല. എനിക്കു എന്നെ മനസ്സിലാവാറില്ലല്ലോ.
ശരീരമുണ്ടെങ്കിലേ വികാരങ്ങള്‍ ഉള്ളൂ. പേടിയാണ് പരിഹാരമില്ലാത്ത വികാരം. ഈ തീരുമാനം എടുക്കാന്‍ വൈകിപ്പോയി. കുറെ കൂടി നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇതൊന്നു പറഞ്ഞിട്ടു പോകുമ്പോള്‍ എന്തോ ഒരു ആശ്വാസം. ചേച്ചിക്ക് എന്നെ മനസ്സിലാവും എന്നൊരു വിശ്വാസം. അത്രമാത്രം’
സ്നേഹപൂര്‍വ്വം,
ഞാന്‍.
ഇതിപ്പോള്‍ നിങ്ങളോട് പങ്കുവെയ്ക്കുമ്പോള്‍ സത്യമായും എനിക്കു സമാധാനമുണ്ട്. ഈ ഭൂമിയില്‍ അവളെ അനുകമ്പയോടെ ഓര്‍ക്കുന്ന മറ്റൊരാള്‍ കൂടി ഉണ്ടാവുമല്ലോ എന്ന സമാധാനം മാത്രമല്ല അത്, എന്റെയുള്ളില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന അതിശയങ്ങളുടെയും ആധിയുടെയും വിചിത്രമായ ഈ കരിമ്പുക ഒരല്പ്പമെങ്കിലും പുറത്തുപോവുമ്പോള്‍ ഞാനനുഭവിക്കുന്ന പ്രഷര്കുക്കറിനു സമാനമായ ആശ്വാസവും ആലംബവും എനിക്ക് സമാധാനം തരുന്നു.
ഒരു പക്ഷേ, അത് പോലൊരാശ്വാസത്തിനു വേണ്ടിയാവും ഒരിക്കലും കാണാത്ത ഒരാള്‍ക്കു മുന്നില്‍ അവള് സ്വയം തുറന്നിട്ടതും. തന്നെ അറിയുന്ന ഒരാളെങ്കിലും ഭൂമിയില്‍ ഉണ്ടാകണമെന്ന മോഹമാവാം അത്. അതല്ലെങ്കില്‍, ജീവിച്ചു മരിച്ചു പോവുന്നവള്‍ സ്വയം ഉണ്ടാക്കാനാഗ്രഹിക്കുന്ന ഒരു സ്മാരകമായിരിക്കാം ഈ മെയില്‍.
അത് കൊണ്ടാവും ഒരു പക്ഷേ ഞാനിപ്പോള്‍ ഈ മറുപടി എഴുതിയിട്ടുണ്ടാവുക. ആരാവും ഇത് വായിക്കുക എന്നറിയില്ല. ആരെങ്കിലും വായിക്കാന്‍ ഉണ്ടാവുമോ എന്നു പോലും. പക്ഷേ പ്രിയപ്പെട്ട സുഹൃത്തെ, വായനക്കാരാ, ഈ മറുപടി എഴുതാതിരിക്കാന്‍ എനിക്കാവതില്ല. അവള്‍ക്കുള്ള മറുപടി. അല്ലെങ്കില്‍, എനിക്കു തന്നെയുള്ള മറുപടി. അതു കൂടി നിങ്ങള്‍ വായിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട അനാമിക, ആരാണ് എന്താണ് എന്നറിയാത്ത എന്റെ കുട്ടീ,
നിന്നെ സത്യത്തില്‍ ഇപ്പോഴും എനിക്കറിയില്ല. എങ്കിലും, നിന്റെ പേടികളെ, നിസ്സഹായതയെ ഓര്‍ത്ത് ഞാനീ നിമിഷവും വിറയ്ക്കുന്നുണ്ട്. അനാമികാ, നീ കുടഞ്ഞിട്ട ഭയം ഇപ്പോള്‍ എന്റെ ഞരമ്പുകളിലൂടെയാണ് അലസം സഞ്ചരിക്കുന്നത്. മുതലയുടെ താവളത്തില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്നത് ഞാനാണോ എന്നു പോലും തോന്നുന്നുത്ര അരികെ, ആഴത്തില്‍ നീ ഇപ്പോള്‍ എന്നിലുണ്ട്.
മറ്റൊന്നും പറയാനില്ല. എനിക്കിനിയും നീയായി മാറാനാവില്ല.
നിന്റെ
ഞാന്‍.
വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
Last Updated Jan 20, 2024, 7:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]