ജിബൂത്തി∙ യെമന്റെ തീരത്ത് പാചകവാതകം നിറച്ച കപ്പലിൽ സ്ഫോടനവും പിന്നാലെ തീപിടിത്തവും. ഉണ്ടായിരുന്ന ഇന്ത്യക്കാരായ 23 പേരുൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തി.
യെമന്റെ ഏഡൻ തുറമുഖത്തുനിന്ന് ജിബൂത്തിയിലേക്കു പാചകവാതകവുമായി പോയ കാമറൂണിന്റെ ഉടമസ്ഥതയിലുള്ള എംവി ഫാൽക്കൺ കപ്പലിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ജീവനക്കാരിൽ ഒരാൾ യുക്രെയ്ൻകാരനാണ്.
26 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ കാണാനില്ല.
ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
ആ സമയം കപ്പൽ ഏഡൻ തുറമുഖത്തുനിന്ന് 113 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിന്റെ 15 ശതമാനത്തോളം ഭാഗത്ത് തീ പടർന്നിരുന്നു.
തീപിടിത്തത്തിനു പിന്നിൽ മറ്റു കാരണങ്ങളില്ലെന്നാണ് ആദ്യവിവരം. അന്വേഷണം നടക്കുന്നതേയുള്ളൂ.
ഒമാനിലെ സോഹർ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. തീയണയ്ക്കാൻ ആദ്യം നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് കപ്പൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം.
പിന്നീട് രക്ഷാപ്രവർത്തകരെത്തി തീ നിയന്ത്രണവിധേയമാക്കി ജീബൂത്തിയിലെത്തിച്ചു. മറ്റു കപ്പലുകളോട് സുരക്ഷിത അകലത്തിൽ നിൽക്കാൻ ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യെമനിലെ ഹൂതി വിമതരിൽനിന്ന് ശക്തമായ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജിബൂത്തിയിലേക്കുള്ള കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായിരിക്കുന്നത്.
ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കു നേർക്ക് ഹൂതി വിമതരുടെ ആക്രമണം പതിവാണ്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ഹൂതികൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @EtatMajorFR എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

