
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ശനിയാഴ്ച പുലർച്ചെ ഇലക്ട്രിക്കൽ ഗ്രിഡ് വീണ്ടും തകർന്നതോടെ രാജ്യത്തെ വൈദ്യുതി വിതരണം പൂർണമായും നിലച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യം ഗ്രിഡ് തകർന്നതിന് ശേഷം നന്നാക്കിയതിന് തൊട്ടുപിന്നാലെയാണ് രണ്ടാമതും തകർന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ വൈദ്യുതി വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ വക്താക്കൾ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ ഏറ്റവും വലിയ പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇലക്ട്രിക്കൽ ഗ്രിഡ് ആദ്യം തകർന്നത്. ഒരുകോടി ആളുകളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. വൈദ്യുതി മുടക്കത്തെ തുടർന്ന് സ്കൂളുകളും വ്യവസായ ശാലകളും അടച്ചുപൂട്ടിയെന്നും രാജ്യത്ത് പവര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച വീശിയടിച്ച മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്നാണ് പവർപ്ലാന്റുകളുടെ പ്രവർത്തനം താളം തെറ്റിയത്. വെനസ്വേല, റഷ്യ, മെക്സിക്കോ എന്നിവ ക്യൂബയിലേക്കുള്ള ഇന്ധന കയറ്റുമതി കുറച്ചതിനാൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വെനസ്വേല ഈ വർഷം ക്യൂബയിലേക്കുള്ള സബ്സിഡി ഇന്ധനത്തിൻ്റെ പകുതിയോളം വെട്ടിക്കുറച്ചതിനാൽ രാജ്യത്ത് വിലക്കയറ്റമുണ്ടായി.
അതേസമയം, വൈദ്യുതി മുടക്കത്തിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപണമുയർന്നു. എന്നാൽ, ക്യൂബയിലെ ഗ്രിഡ് തകർച്ചയിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ട് തെർമോ ഇലക്ട്രിക് പവർ പ്ലാൻ്റുകൾ തിരിച്ചെത്തിയിട്ടുണ്ടെന്നും രണ്ടെണ്ണം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഊർജമന്ത്രി ഒ ലെവി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]