
.news-body p a {width: auto;float: none;}
ഫിഡൽ കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് ക്യൂബയിൽ ജനം ഇന്ന് ഇരുട്ടിലാണ്.ഊർജ്ജ അടിയന്തരാവസ്ഥയിലും . വൈദ്യുതി, വെള്ളം, ഗതാഗതം, ശുചിത്വം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി 700 ഓളം പ്രതിഷേധങ്ങളാണ് അടുത്തകാലത്തുണ്ടായത്.പ്രശ്നങ്ങൾ അതീവ ഗുരുതരം…ഒരു വിശകലനം
————————————————————————————————————————————————————————————
ഹവാന: കരീബിയൻ കടലിന്റെ നടുവിൽ ഇരുട്ടിനെ തുരത്താൻ കഴിയാതെ താമോദ്വാരം പോലൊരു ദ്വീപ്. ! മിഡിൽഈസ്റ്റിലെ യുദ്ധ ഭീതികളും അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ലോകവാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ കരീബിയൻ ദ്വീപ് രാജ്യമായ ക്യൂബ ഊർജ്ജ അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്നത് അധികമാരും ശ്രദ്ധിക്കുന്നില്ല.ഫിഡൽ കാസ്ട്രോയെന്ന യുഗപുരുഷന്റെ വേർപാടിനു ശേഷം ക്യൂബയിൽ നടക്കുന്നത് അനഭിലഷണീയമായ കാര്യങ്ങളാണ്.
ഇക്കഴിഞ്ഞ വ്യാഴം ക്യൂബയിലെ ‘ഇരുണ്ട ദിനങ്ങളിൽ ” ഒന്നായിരുന്നു. ഭരണാധികാരികൾ ഒന്നടങ്കം രാജിവയ്ക്കണമെന്ന് കാട്ടി സോഷ്യൽ മീഡിയയിലൂടെ ജനം പ്രതിഷേധിച്ചു. പ്രതിസന്ധികൾക്ക് നടുവിൽപ്പെട്ട ക്യൂബൻ ജനതയുടെ ക്ഷമ നശിച്ച ദിനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി മാന്വൽ മാറിയോ ക്രൂസ് രാജ്യത്ത് ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. പൊതു പരിപാടികളെല്ലാം നിറുത്തിവച്ചു. ആശുപത്രികൾക്കും ഭക്ഷ്യ സംസ്കരണശാലകൾക്കും വേണ്ട വൈദ്യുതി സംഭരിക്കാൻ വേണ്ടിയായിരുന്നു ഇത്.പിന്നാലെ വെള്ളിയാഴ്ച, രാജ്യത്തെ ഏറ്റവും വലിയ പവർ പ്ലാന്റായ മാറ്റാൻസാസിലെ ‘ആന്റണിയോ ഗ്വിറ്ററസ്” പണിമുടക്കിയതോടെ ഒരു കോടി ജനങ്ങൾ ഇരുട്ടിലായി. അന്ന് രാവിലെ 11 മണിയോടെ പവർ ഗ്രിഡ് പൂർണമായും തകർന്നെന്ന് സർക്കാർ പ്രഖ്യാപിച്ചു. മാസങ്ങളായി 15 മണിക്കൂറിലേറെ നീളുന്ന പവർകട്ടിന് നടുവിൽ ജീവിച്ച ജനങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. പതിയെ വൈദ്യുതി പുനഃസ്ഥാപിച്ചുവന്നതിനിടെ ഇന്നലെ രാവിലെ വീണ്ടും രാജ്യവ്യാപകമായി വൈദ്യുതി പണിമുടക്കി.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന്റെ ജോലികളിലാണ് ഊർജ്ജ മന്ത്രാലയം. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി 2025ഓടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിനും ഇല്ല. സാഹചര്യം പരിഹരിക്കാൻ തന്റെ സർക്കാർ മുൻഗണന നൽകുന്നുണ്ടെങ്കിലും ഉടൻ ഫലം കാണില്ലെന്ന സൂചന അദ്ദേഹം നൽകിക്കഴിഞ്ഞു.
ക്യൂബയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്താണ് ? മൂന്ന് ഘടകങ്ങളാണ്; അടിസ്ഥാന സൗകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ, ഇന്ധനത്തിന്റെ അഭാവം, ആവശ്യകതയിലെ വർദ്ധനവ്. പൂർണമായും കാലഹരണപ്പെട്ട തെർമോഇലക്ട്രിക് സംവിധാനമാണ് ക്യൂബയിൽ. അറ്റകുറ്റപ്പണികൾക്കുള്ള ഉറവിടമില്ല. അതിനാൽ വൈദ്യുതി തകരാറുകൾ പതിവാണ്. ഇന്ധനത്തിന്റെ അഭാവമാണ് ക്യൂബക്കാരെ ഇരുട്ടിലാക്കുന്നതെന്ന് സർക്കാർ പറയുന്നു.
ഈയിടെയായി പ്രധാന വ്യാപാര പങ്കാളികളായ മെക്സിക്കോ, റഷ്യ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നും ക്യൂബയിലേക്കുള്ള എണ്ണയുടെ വരവ് കുറഞ്ഞു. ഇത് ഇറക്കുമതി ചെയ്യാനുള്ള വിദേശ കറൻസി ഇല്ല എന്നത് വസ്തുതയാണ്. ക്യൂബയ്ക്ക് നേരെയുള്ള ‘സാമ്പത്തിക യുദ്ധവും” അമേരിക്കയുടെ സാമ്പത്തിക, ഊർജ്ജ അടിച്ചമർത്തലുകളുമാണ് കാരണമായി സർക്കാർ പറയുന്നത്. ഇന്ധനം മാത്രമല്ല, ഭക്ഷ്യ വസ്തുക്കളടക്കം മറ്റ് വിഭവങ്ങളുടെ ഇറക്കുമതിയേയും ബാധിച്ചു. ചുരുക്കത്തിൽ ജനങ്ങൾ നട്ടംതിരിയുന്നു.
സർക്കാരിന്റെ വിശദീകരണങ്ങളിലൊന്നും ജനം തൃപ്തരല്ല. വീണ്ടും വീണ്ടും കള്ളം പറയുന്നത് അവസാനിപ്പിക്കാനാണ് അവർ പറയുന്നത്.
ഭക്ഷണമില്ല, മികച്ച ആരോഗ്യ സേവനം കിട്ടുന്നില്ല, വിദ്യാഭ്യാസം ശരിയാകുന്നില്ല…ചുരുക്കത്തിൽ എല്ലാ മേഖലയിലും തകർച്ച. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനം. മാറ്റത്തിനായി ക്യൂബക്കാർ തെരുവിലിറങ്ങാൻ വൈകില്ലെന്നാണ് പൊതു നിരീക്ഷണം. വൈദ്യുതി, വെള്ളം, ഗതാഗതം, ശുചിത്വം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി 700 ഓളം പ്രതിഷേധങ്ങളാണ് ഓഗസ്റ്റിൽ മാത്രം ക്യൂബയിലുടനീളമുണ്ടായത്. പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്.