തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ വ്യക്തികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കുന്നതിനായി പുതിയ കര്‍മ്മപദ്ധതിക്ക് രൂപം നല്കി.
ഇതിന്റെ ഭാഗമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അതിദരിദ്ര കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയത്.
രക്തപരിശോധന ഉള്‍പ്പെടെയുള്ള വൈദ്യസഹായവുമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ഒരു മാസക്കാലമാണ് ഈ പ്രത്യേക ആരോഗ്യ പരിശോധന നടക്കുക.
സേവനങ്ങള്‍ നല്കുന്നതില് കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ബ്ലഡ് കൗണ്ട്, ആര്‍ബിഎസ്, ബ്ലഡ് യൂറിയ/സെറം ക്രിയാറ്റിന്‍, എസ്ജിഒടി/എസ്ജിപിറ്റി, ലിപിഡ് പ്രൊഫൈല്‍, എച്ച്ബിഎസ് തുടങ്ങിയ പ്രധാനപ്പെട്ട
പരിശോധനകള്‍ നടത്തും. വീടുകളിലെത്തി നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം ആവശ്യമുള്ളവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കും.
ഇതിന്റെ ഏകോപനത്തിനായി സ്ഥാപന തലത്തില്‍ കെയര്‍ കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തും. ഗര്‍ഭിണികളെ പ്രസവത്തിനും ആദിവാസി വിഭാഗത്തിലുള്ളവരെ ചികിത്സയ്ക്കുമായി ആശുപത്രികളിലെത്തിക്കാന്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സൗകര്യമൊരുക്കും.
ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആളില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. ചികിത്സാപരമായ മറ്റ് ചെലവുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും ഉറപ്പാക്കും.
ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ജന്മനാ വൈകല്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികര്‍, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പദ്ധതിയിലൂടെ പ്രത്യേക പിന്തുണ നല്‍കും. അതിദരിദ്ര കുടുംബങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ മാസവും സന്ദര്‍ശനം നടത്തും.
കിടപ്പുരോഗികള്‍, വയോജനങ്ങള്‍, ഒറ്റയ്ക്ക് കഴിയുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ പരിചരണം ഉറപ്പാക്കുന്നതാണ്. പ്രതിമാസ ആരോഗ്യ പരിശോധനയുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
അര്‍ഹരായവരെ വിവിധ സര്‍ക്കാര്‍ ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മികച്ച ചികിത്സ ലഭ്യമാക്കും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]