അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യക്ക് 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബാറ്റിംഗിന് ദുഷ്കരമായ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ (45 പന്തില്‍ 56) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി.
അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍, ആമിര്‍ കലീം (64), ഹമ്മാദ് മിര്‍സ (51) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ നാല് വിക്കറ്റിന് 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജു സാംസണാണ് കളിയിലെ താരം. മൂന്ന് വീതം ഫോറും സിക്സുമടക്കം 56 റൺസ് നേടിയെങ്കിലും, സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശാൻ മലയാളി താരത്തിന് കഴിഞ്ഞില്ല.
മത്സരശേഷം പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങി സഞ്ജു സംസാരിച്ചു. ”അസഹനീയമായ ചൂടായിരുന്നു.
ഫിറ്റ്നസിൽ ഞാൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പുതിയ ഫീൽഡിംഗ് പരിശീലകന്റെ കീഴിൽ ബ്രോങ്കോ ടെസ്റ്റ് പൂർത്തിയാക്കി.
ക്രീസിൽ ഏറെ നേരം തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒമാൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് അവകാശപ്പെട്ടതാണ്.
എന്റെ കരുത്തിൽ എനിക്ക് വിശ്വാസമുണ്ട്. രാജ്യത്തിനായി ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് വലിയ കാര്യമാണ്, അതിനെ ഞാൻ പോസിറ്റീവായി കാണുന്നു,” സഞ്ജു പറഞ്ഞു.
ഗില്‍ തുടക്കത്തില്‍ മടങ്ങി മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടാണ് ഇന്ത്യ തുടങ്ങിയത്. ഷാ ഫൈസലിന്റെ പന്തിൽ ഗിൽ ബൗൾഡായി.
എന്നാൽ സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ 60 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 66 റൺസിന്റെ ഈ കൂട്ടുകെട്ട് എട്ടാം ഓവറിൽ അഭിഷേകിന്റെ പുറത്താകലോടെ അവസാനിച്ചു.
രണ്ട് സിക്സും അഞ്ച് ഫോറുമടക്കം വെടിക്കെട്ട് പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. അതേ ഓവറിൽ ഇന്ത്യക്ക് അടുത്ത പ്രഹരമേറ്റു.
ഹാർദിക് പാണ്ഡ്യ (1) നിർഭാഗ്യകരമായി റണ്ണൗട്ടായി. ജിതേൻ രാമാനന്ദിന്റെ പന്തിൽ സഞ്ജു അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് ബൗളറുടെ കയ്യിൽ തട്ടി നോൺസ്ട്രൈക്കർ എൻഡിലെ സ്റ്റംപിൽ കൊള്ളുകയായിരുന്നു.
പിന്നീടെത്തിയ അക്സർ പട്ടേൽ 13 പന്തിൽ 26 റൺസുമായി മികച്ച പിന്തുണ നൽകി. സഞ്ജുവിനൊപ്പം 45 റൺസ് ചേർത്ത അക്സർ 13-ാം ഓവറിൽ പുറത്തായി.
ഒരുവശത്ത് സഞ്ജു ടൈമിംഗ് കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ, ശിവം ദുബെയും (5) വേഗത്തിൽ മടങ്ങി. തുടർന്ന് ക്രീസിലൊന്നിച്ച സഞ്ജു – തിലക് വർമ സഖ്യം 41 റൺസ് കൂട്ടിച്ചേർത്തു.
അർധസെഞ്ചുറി പൂർത്തിയാക്കിയ സഞ്ജുവിനെ പുറത്താക്കി ഷാ ഫൈസൽ ഒമാന്‍ നിർണായക വിക്കറ്റ് സമ്മാനിച്ചു. അവസാന ഓവറുകളിൽ തിലക് വർമയും (29), അർഷ്ദീപ് സിംഗും (1) പുറത്തായതോടെ ഇന്ത്യൻ സ്കോറിംഗ് വേഗം കുറഞ്ഞു.
ഹർഷിത് റാണ (13), കുൽദീപ് യാദവ് (1) എന്നിവർ പുറത്താവാതെ നിന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]