കവിയൂര്‍ പൊന്നമ്മ മലയാളത്തിന്റെയാകെ അമ്മയായിരുന്നു. അമ്മയുടെ വാത്സല്യവും കരുതലുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞത് കവിയൂര്‍ പൊന്നമ്മയിലൂടെയാണെന്നത് അതിശയോക്തിയല്ല, അമ്മ ശബ്ദത്തിന്റെ താളം മലയാള സിനിമാ പ്രേക്ഷകരുടെ ഓര്‍മയിലേക്കെത്തുന്നതും കവിയൂര്‍ പൊന്നമ്മയിലൂടെയാകാം. അത്തരം നിരവധി വേഷങ്ങളുണ്ടെങ്കിലും മോഹൻലാല്‍ ചിത്രങ്ങളിലെ അമ്മമാര്‍ കവിയൂര്‍ പൊന്നമ്മയുടെ രാശിയായിരുന്നു.
മലയാളത്തില്‍ മോഹൻലാല്‍ നായകനായ നിരവധി ചിത്രങ്ങളിലാണ് കവിയൂര്‍ പൊന്നമ്മ അമ്മ വേഷങ്ങളിലെത്തിയത്. അവയില്‍ മിക്കതും പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് എന്നത് അപൂര്‍വ സൗഭാഗ്യവുമായി മാറി. മലയാളത്തിന്റെ നിരവധി ഹിറ്റുകളില്‍ മോഹൻലാല്‍ മകനും കവിയൂര്‍ പൊന്നമ്മ അമ്മയുമായി എത്തിയപ്പോള്‍ സിനിമയ്ക്കപ്പുറം ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവര്‍ കുറവല്ല. കവിയൂര്‍ പൊന്നമ്മ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് അഭിമുഖങ്ങളിലൂടെ. വിവാഹത്തിനൊക്കെ പോകുമ്പോള്‍ എന്തേ മകനെ കൊണ്ടുവന്നില്ല എന്ന് മോഹൻലാലിനെ ഉദ്ദേശിച്ച് പലരും ചോദിച്ചിട്ടുണ്ട് പൊന്നമ്മയോട്. ജീവിതത്തിലും മോഹൻലാലും കവിയൂര്‍ പൊന്നമ്മയും മകനും അമ്മയുമാണെന്ന് കരുതിയ പ്രേക്ഷകരുണ്ട്. അത്രയ്ക്ക് ചേര്‍ച്ചയുണ്ടായിരുന്നു അവര്‍ അമ്മയും മകനുമായി വെള്ളിത്തിയില്‍ നിറഞ്ഞാടിയപ്പോള്‍.
കിരീടം, വന്ദനം, ഇരുപതാം നൂറ്റാണ്ട്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, മിസ്റ്റര്‍ ബ്രഹ്മചാരി, വടക്കുംനാഥൻ, ഇവിടം സ്വര്‍ഗമാണ്, അങ്ങനെ എത്രയത്രെ സിനിമകളിലാണ് കവിയൂര്‍ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായത്. സിനിമയില്‍ അധികം രംഗങ്ങളില്ലെങ്കില്‍ പോലും മകനും അമ്മയുമായി മോഹൻലാലും കവിയൂര്‍ പൊന്നമ്മയും കഥാപാത്രങ്ങളായി പകര്‍ന്നാടുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പെരുവണ്ണാപുരത്ത് വിശേഷങ്ങളും വന്ദനവുമൊക്കെ അത്തരം സിനിമകള്‍ ആണ്. കവിയൂര്‍ പൊന്നമ്മയും തിലകനും മോഹൻലാല്‍ കഥാപാത്രത്തിന്റെ അമ്മയും അച്ഛനുമായപ്പോള് പ്രത്യേക നിറവുമുണ്ടായിരുന്നു.
കവിയൂര്‍ പൊന്നമ്മയും സിനിമയില്‍ അമ്മയും മകനും അല്ലെങ്കില്‍ പോലും അങ്ങനെയുള്ള ബന്ധമുള്ള കഥാപാത്രങ്ങളായി അനുഭവപ്പെടാറുണ്ട്. ബാബാ കല്യാണിയില്‍ കവിയൂര്‍ പൊന്നമ്മ മോഹൻലാലിന്റെ അമ്മയുടെ സ്ഥാനത്താണ്. അതുപോലെയാണ് കാക്കക്കുയിലിലും മോഹൻലാല്‍ കഥാപാത്രത്തിന്റെ അമ്മയായി മാറുന്നു. ജീവിതത്തിന്റെ പല രംഗങ്ങളില്‍ വേഷങ്ങളിട്ടാടിയ മകനും അമ്മയുമായി കവിയൂര്‍ പൊന്നമ്മയുടെയും മോഹൻലാലിന്റെയും കഥാപാത്രങ്ങള്‍ മലയാളികളുടെ ഓര്‍മയില്‍ എന്നുമുണ്ടാകും.
Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]