
നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം ഇന്ന് വൈകിട്ട് ആയിരുന്നു. ഇപ്പോഴിതാ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തിന്റെ മകനായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് പുറത്തും തനിക്ക് അമ്മയെപ്പോലെയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
“അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും.. വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..”, മോഹന്‍ലാല്‍ കുറിച്ചു.
79 വയസായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഭിനയജീവിതത്തില്‍ നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]