മലയാള സിനിമയിലെ അമ്മ വേഷങ്ങൾ ഗംഭീരമാക്കിയവരാണ് കെ.പി.എ.സി ലളിതയും കവിയൂർ പൊന്നമ്മയും. ഇരുവരും സഹപ്രവർത്തകർ മാത്രമായിരുന്നില്ല അടുത്ത സുഹൃത്തുക്കളുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായുള്ള പകൽ വെടിക്കെട്ട് നടക്കുന്ന സമയം. ജനലഴിക്കുള്ളിലൂടെ നോക്കുന്ന ഇരുവരുടെയും ചിത്രം അന്ന് കാമറയിൽ പകർത്തിയത് കേരളകൗമുദി ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയായിരുന്നു. ഇന്നിപ്പോൾ അടുത്ത സുഹൃത്തിന്റെ അടുത്തേക്കുള്ള യാത്രയിലാണ് കവിയൂർ പൊന്നമ്മ.
ഇന്ന് വൈകിട്ട് ആറോടെയാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ വൈകിട്ട് നാലിന് ആലുവയിലെ വീട്ടിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ പൊതുദർശനം
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എൽ.പി.ആർ. വർമയുടേ ശിക്ഷണത്തിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാമത്തെ വയസ്സിൽ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ മറക്കാനാകില്ല. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.