ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് മൈലാടുംപാറ എം.ആർ രതീഷ്കുമാറിന്റെയും സൗമ്യയുടെയും മകൻ അസൗരേഷ് (അക്കു 12)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ ഇന്ന് വൈകിട്ട് ആറോടെയാണ് ഇരട്ടയാർ തുരങ്കമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കൊപ്പം വെള്ളത്തിൽ അകപ്പെട്ട ഒപ്പമുണ്ടായിരുന്ന പിതൃസഹോദരിയുടെ പുത്രൻ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ – രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ് (അമ്പാടി – 12) നെയും ഇതിന് സമീപത്ത് നിന്ന് നാട്ടുകാർ കരയ്ക്കെടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജിതയുടെയും രതീഷ്കുമാറിന്റെയും അച്ഛൻ ഇരട്ടയാർ ചേലയ്ക്കൽക്കവല മൈലാടുംപാറ രവീന്ദ്രൻ്റെ വീട്ടിൽ ഓണാവധിക്ക് എത്തിയതായിരുന്നു കുട്ടികൾ. വ്യാഴം രാവിലെ പത്തോടെയാണ് അപകടം. അതുലും ജ്യേഷ്ഠൻ അനു ഹർഷും അസൗരേഷും ജ്യേഷ്ഠൻ ആദിത്യനും ഇരട്ടയാർ അണക്കെട്ടിന്റെ തീരത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തിയിരുന്നു. ഇതിനിടെ ഗ്രൗണ്ടിനോടു ചേർന്ന് ഇരട്ടയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനുസമീപം കനാൽപോലുള്ള ഭാഗത്ത് കുട്ടികൾ ഇറങ്ങി. കൈകോർത്തുപിടിച്ച് വെള്ളത്തിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു.
കരയിൽനിന്ന അനു ഹർഷിന്റെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടി തിരച്ചിൽ ആരംഭിച്ചു. തുരങ്കമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ തങ്ങിനിന്ന അതുലിനെ 15 മിനിറ്റിനുള്ളിൽ നാട്ടുകാർ പുറത്തെടുത്തെങ്കിലും മരിച്ചു. കാണാതായ അസൗരേഷിനായി അഗ്നിരക്ഷാസേന മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 5.5 കിലോമീറ്റർ അകലെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിലെ തുരങ്കമുഖത്ത് വടംകെട്ടി അഗ്നിരക്ഷാസേനയുടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇന്ന് നൈറ്റ് വിഷൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്. 5 കിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടയാറ്റിൽ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിൽ നൈറ്റ് വിഷൻ ഡ്രോണുകളാണ് ഉപയോഗിച്ചത്. സ്കൂബാ ടീം, ഫയർഫോഴ്സ്, എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
Read More : 19-ാം ജന്മദിനം ആഘോഷിച്ച് മടങ്ങവേ കാർ നിയന്ത്രണം വിട്ടു, ഗാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി; ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]