ചെന്നൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്ലിയുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കൊഹ്ലിയുടെ പുറത്താകലാണ് ഇന്ത്യന്‍ നായകനെ നിരാശയിലാക്കിയത്. ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന് മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വിരാട് പുറത്തായത്. റിവ്യൂ എടുക്കാനുള്ള അവസരമുണ്ടായിട്ടും കൊഹ്ലി അത് ചെയ്തില്ല. നോണ്‍ സ്ട്രൈക്കറായിരുന്ന ഗില്ലിനോട് അഭിപ്രായം ചോദിച്ച ശേഷമായിരുന്നു ഈ തീരുമാനം.
എന്നാല്‍ താരത്തിന്റെ ബാറ്റില്‍ കൊണ്ടതിന് ശേഷമാണ് പന്ത് പാഡില്‍ പതിച്ചതെന്ന് റീപ്ലേകളില്‍ വ്യക്തമായതോടെയാണ് നായകന് രോഹിത് ശര്‍മ്മ നിരാശനായത്. ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സ് നേടിയ കൊഹ്ലി രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സ് നേടിയാണ് പുറത്തായത്. റീപ്ലേകളില്‍ ഔട്ട് അല്ലെന്ന് തെളിഞ്ഞപ്പോള്‍ രോഹിത് ശര്‍മ്മ നിരാശ പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം, ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ഒന്നാമിന്നിംഗ്സില്‍ 376 റണ്‍സ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ അവരുടെ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സിന് എറിഞ്ഞിട്ടു. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പോസര്മാരായ ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരും സ്പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ മികച്ച ബൗളിംഗിന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതിരുന്ന ബംഗ്ലാദേശ് വെറും 47.1 ഓവറുകള്‍ മാത്രമാണ് ബാറ്റ് ചെയ്തത്. 32 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന് ആണ് അവരുടെ ടോപ് സ്കോറര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
227 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിനോട് ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്. മൊത്തം ലീഡ് 308 റണ്‍സ് എന്ന ശക്തമായ നിലയിലാണ് മൂന്ന് ദിവസത്തെ കളി ബാക്കിയുള്ളപ്പോള്‍ ഇന്ത്യ. ശുബ്മാന് ഗില്‍ (33*), റിഷഭ് പന്ത് (12*) എന്നിവരാണ് ക്രീസില്‍. യശ്വസി ജയ്സ്വാള്‍ (10), രോഹിത് ശര്‍മ്മ (5), വിരാട് കൊഹ്ലി (17) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് നഷ്ടമായത്.