ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനു സമീപമുള്ള കരുവാറ്റയിൽ അറുപത്തിയേഴുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു.
കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണ് ചോദ്യം ചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്. ‘‘എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല.
ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരയുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനു കർശനനിർദേശം നൽകിയത് താനാണെന്നും പെൺകുട്ടി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
എന്നാൽ കുറ്റബോധമില്ലാത്ത വിധമാണു പെൺകുട്ടി പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കേസിൽ പ്രതികളായ 3 ആൺകുട്ടികളെയും കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമാകും അന്തിമ സംസ്കാര ചടങ്ങുകൾ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

