
ഡബ്ലിൻ: അയർലണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരനായ ഇന്ത്യൻ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ അയർലണ്ട് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.
15 വയസുകാരനാണ് പ്രതി. കോർക്ക് കൗണ്ടിയിൽ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തിൽ അയർലൻഡ് ഇന്ത്യ കൗൺസിൽ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്.
രണ്ട് രാജ്യങ്ങളിലെയും സർക്കാരുകളോട് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്താണ് ഇന്ത്യൻ വംശജർ അയർലണ്ടിൽ വംശീയ ആക്രമണങ്ങൾക്ക് വിധേയരാകാൻ തുടങ്ങിയത്.
നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഡബ്ലിനിലെ ഇന്ത്യൻ എംബസി അടിയന്തര സുരക്ഷാ ഉപദേശം നൽകിയത്. ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും അയർലണ്ടിൽ താമസിക്കുന്ന ഇന്ത്യാക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.
ആക്രമണങ്ങളെ ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് അപലപിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് അയർലൻഡ് ഇന്ത്യ കൗൺസിൽ ഡബ്ലിനിലെ ഫാംലീയിൽ നടത്താനിരുന്ന വാർഷിക ഇന്ത്യൻ ദിനാഘോഷം പോലും മാറ്റിവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]