മുൻ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധിക്കപ്പെട്ട കേസിൽ, എൻസിപി മുൻ എംപി പദ്മസിങ് പാട്ടീൽ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
രണ്ട് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്ക് ശേഷമാണ് പ്രത്യേക കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സ്പെഷൽ കോടതി ജഡ്ജി സത്യനാരായൺ നവാൻദർ ആണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2006 ജൂൺ മൂന്നിനാണ് പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് കാസിയും വെടിയേറ്റ് കൊല്ലപ്പെട്ടത്.
മുംബൈയിൽ നിന്ന് ഒസ്മാനാബാദിലേക്കുള്ള യാത്രയ്ക്കിടെ വാടകക്കൊലയാളികൾ കാർ തടഞ്ഞുനിർത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ ഉൾപ്പെട്ട
മറ്റ് പ്രതികൾ ഇവർ കൂടിയാണ്: വ്യവസായി സതീഷ് മൻഡാഡെ, ബിജെപി മുൻ കോർപറേറ്ററും വിരമിച്ച എക്സൈസ് ഇൻസ്പെക്ടറുമായ മോഹൻ ശുക്ല, പരസ്മൽ ജെയിൻ, മുൻ എക്സൈസ് ഇൻസ്പെക്ടർ ശശികാന്ത് കുൽക്കർണി, ബിഎസ്പി പ്രവർത്തകൻ കൈലാസ് യാദവ്, കൂടാതെ വെടിയുതിർത്തുവെന്ന് ആരോപിക്കപ്പെടുന്ന ദിനേഷ് തിവാരി, പിന്റു സിങ്, ചോട്ടെ പാണ്ഡെ എന്നിവരും. നവി മുംബൈ പൊലീസിൽ നിന്ന് 2009-ൽ കേസ് ഏറ്റെടുത്ത സിബിഐ, പദ്മസിങ് പാട്ടീലിനെ മുഖ്യപ്രതിയായും കൊലപാതകത്തിന്റെ സൂത്രധാരനുമായാണ് കണക്കാക്കിയത്.
രാഷ്ട്രീയ വൈരാഗ്യമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിരുന്നു. ഒസ്മാനാബാദിൽ നിംബാൽക്കറുടെ വർധിച്ചുവരുന്ന ജനപ്രീതി തന്റെ രാഷ്ട്രീയഭാവിക്ക് ഭീഷണിയാകുമെന്ന് ഭയന്നാണ് പദ്മസിങ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
30 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി മോഹൻ ശുക്ല മുഖാന്തിരം പരസ്മൽ ജെയിൻ വഴിയാണ് കൊലപാതകം നടപ്പിലാക്കിയത്. പിന്നീട് പരസ്മൽ ജെയിൻ കേസിൽ മാപ്പുസാക്ഷിയായി മാറുകയായിരുന്നു.
പദ്മസിങ് പാട്ടീൽ 2009-ൽ അറസ്റ്റിലായി. 20 വർഷം നീണ്ടുനിന്ന വിചാരണാ വേളയിൽ അണ്ണാ ഹസാരെ ഉൾപ്പെടെ 128-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
അണ്ണാ ഹസാരെയെ കൊലപ്പെടുത്താനും പദ്മസിങ് ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് പരസ്മൽ ജെയിൻ വെളിപ്പെടുത്തിയതും കേസിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

