
കോട്ടയം: കുമരകത്ത് നാല് കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. വേളൂർ സ്വദേശി സലാഹുദ്ദീൻ (29 വയസ്സ്), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18 വയസ് ) എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം പൊലീസിന്റെയോ എക്സൈസിന്റെയോ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചായിരുന്നു കഞ്ചാവ് വിൽപ്പന.
റിസോർട്ടിൽ നിന്ന് ബാഗിൽ കഞ്ചാവുമായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പിയുടെ നേതൃത്വത്തിൽ എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.
അതേസമയം, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എക്സൈസ് സ്പിരിറ്റ് പിടികൂടി. മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം തെൻമലയുടെ താഴവാരത്തിലുള്ള വെള്ളച്ചാലിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. മണ്ണിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ട 35 ലിറ്ററിന്റെ 9 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠനും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പാലക്കാട് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ ജോബി ജോർജ് എന്നിവരുടെ നേത്യത്വത്തിൽ പ്രതികൾക്കായി സമീപ പ്രദേശങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം. പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കഴിഞ്ഞ രണ്ട് മാസക്കാലമായി ഈ പ്രദേശങ്ങളിൽ എക്സൈസ് രഹസ്യ നിരീക്ഷണം ശക്തമാക്കിയിരുന്നു.
Last Updated Jun 20, 2024, 9:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]