കൊല്ലം ദേശീയപാത വികസനത്തിന്റെ ഭാഗമായി കാവനാട് ആൽത്തറമൂട് മേഖലയിൽ നിർമിക്കുന്ന മേൽപ്പാലത്തിൽ വിള്ളലുകൾ കണ്ടെത്തി. ഇന്നലെ പ്രത്യക്ഷപ്പെട്ട
വിള്ളൽ ഏകദേശം 100 മീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുകയാണ്. നിലവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ഭാഗത്തുകൂടി വാഹനഗതാഗതം അനുവദിക്കുന്നില്ല.
സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും ജില്ലാ കലക്ടർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നിർമാണച്ചുമതലയുള്ള ശിവാലയ കൺസ്ട്രക്ഷൻസ് പ്രതിനിധികൾ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.
ഏഴിലധികം തുരുത്തുകൾ ഉൾപ്പെടുന്ന മുക്കാട് പ്രദേശത്ത് പാരിസ്ഥിതിക പഠനം നടത്താതെ മണ്ണ് നികത്തി ഉയർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ കൊട്ടിയം മൈലക്കാട് മേഖലയിൽ സമാനമായ രീതിയിൽ ഉയരപ്പാതയും സർവീസ് റോഡും തകർന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
കൊട്ടിയം പറക്കുളത്ത് ഉണ്ടായതിന് സമാനമായ വിള്ളലാണ് ഇപ്പോഴും ആവർത്തിച്ചിരിക്കുന്നത്. മുൻപ് ഇത്തരം വിള്ളലുകൾ താൽക്കാലികമായി അടച്ചാണ് പരിഹരിച്ചിരുന്നത്.
മൂന്ന് മാസം മുൻപ് ടാറിങ്ങിന് മുന്നോടിയായി മണ്ണ് ഉയർത്തിയപ്പോൾ തന്നെ ആർഇ വോൾ പുറത്തേക്ക് തള്ളി വന്നിരുന്നു. അന്ന് തന്നെ ആൽത്തറമൂട് മുതൽ നീണ്ടകര വരെ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർന്നിരുന്നു.
മണ്ണ് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കൂ എന്ന് എൻഎച്ച്ഐയും കരാർ കമ്പനിയും ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. “മഴ ശക്തമായാൽ മണ്ണ് ഇടിയാനും ഉയരപ്പാത തകരാനും സാധ്യതയുണ്ടെന്നും, പരിഹാരമുണ്ടാകാത്ത പക്ഷം കൗൺസിലർമാരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടയുകയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും” കോർപറേഷൻ കൗൺസിലർ ബി.ദീപു ഗംഗാധരൻ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. “കോൺക്രീറ്റ് തൂണുകളിൽ പാലം നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന ദേശീയ പാത അതോറിറ്റിയുടെ നിലപാട് മാറ്റണമെന്നും” ചെയർമാൻ കിടങ്ങിൽ സന്തോഷ്, കൺവീനർ എം.പുഷ്പാംഗദൻ എന്നിവർ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

