തായ്ലൻഡിൽ വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ വിസ ചട്ടങ്ങളിൽ നിർണായകമായ ഭേദഗതികൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അനുവദിച്ചിരുന്ന വിസ രഹിത താമസ കാലാവധി വെട്ടിക്കുറയ്ക്കാൻ തായ്ലൻഡ് ഭരണകൂടം നടപടി സ്വീകരിച്ചു.
മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്ലൻഡ് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വിനോദസഞ്ചാര മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും, വിദേശ പൗരന്മാർ ഉൾപ്പെട്ട
കുറ്റകൃത്യങ്ങൾ അധികൃതർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. 2024 ജൂലൈയിൽ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിന്റെ ഭാഗമായി ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിലെ പൗരന്മാർക്ക് 60 ദിവസം വരെ വിസയില്ലാതെ തായ്ലാൻഡിൽ തങ്ങാൻ അനുമതി നൽകിയിരുന്നു.
എന്നാൽ, പുതിയ മന്ത്രിസഭാ തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി റദ്ദാക്കപ്പെടുകയാണ്. പുതിയ പരിഷ്കാരങ്ങൾ പ്രകാരം, വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും അതത് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് വിസ രഹിത താമസത്തിന്റെ ദൈർഘ്യം പുനർനിർണ്ണയിക്കും.
ഇതനുസരിച്ച് ഭൂരിഭാഗം വിദേശികൾക്കും ഇനി പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ ലഭിക്കൂ. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 15 ദിവസമായി കുറയ്ക്കാനും സാധ്യതയുണ്ട്.
നിശ്ചിത കാലാവധിക്കപ്പുറം തങ്ങാൻ ആഗ്രഹിക്കുന്നവർ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ കർശനമായ പരിശോധനയ്ക്ക് ശേഷമേ വിസ നീട്ടി നൽകുകയുള്ളൂ.
അടുത്തിടെയായി വിദേശികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ, ലൈംഗിക വ്യാപാരാരോപണങ്ങൾ, പെർമിറ്റുകളില്ലാതെ നടത്തുന്ന ഹോട്ടലുകൾ, സ്കൂളുകൾ, മറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകൾ നടന്നിരുന്നു.
വിസ രഹിത ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് വിദേശികൾ രാജ്യത്ത് തങ്ങുന്നതും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ഏജൻസികളുടെ ശുപാർശ പ്രകാരം ഈ കടുത്ത നടപടി. ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെയല്ല, മറിച്ച് വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയാണ് ലക്ഷ്യമിടുന്നതെന്ന് തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തായ് ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ദീർഘകാലം തായ്ലൻഡിൽ തങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിനോദസഞ്ചാരികൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ 10 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിക്കുന്ന തായ്ലാൻഡിലേക്ക് ഈ വർഷം 33.5 ദശലക്ഷം വിദേശ സഞ്ചാരികളെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

