
കോഴിക്കോട് തീപിടിത്തം: ‘സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു’: കലക്ടർക്ക് റിപ്പോർട്ട് നൽകി ഫയര്‍ഫോഴ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നഗരമധ്യത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. കെട്ടിടത്തിനുളളിൽ സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും കെട്ടിടത്തിൽ അഗ്നിശമന സൗകര്യങ്ങൾ ഉൾപ്പെടെയുളള സുരക്ഷാസംവിധാനങ്ങള്‍ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് മൂന്നു മിനിറ്റിനകം ബീച്ച് ഫയർ ഫോഴ്സ് യൂണിറ്റിൽ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, അഗ്നിബാധ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അഗ്നിരക്ഷ, കോര്പറേഷന്, , ഡ്രഗ്സ് കണ്ട്രോള്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കലക്ടര്‍ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായ വിവരം ഞായറാഴ്ച വൈകിട്ട് 5.05 നാണ് ബീച്ചിലെ ഫയര്‍ സ്റ്റേഷനില്‍ ലഭിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു. 5.08 ന് ബീച്ച് സ്റ്റേഷനില്‍ നിന്ന് വണ്ടി സംഭവസ്ഥലത്ത് എത്തി. 5.11 ന് വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നും 5.20 ന് മീഞ്ചന്ത സ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടു. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും മലപ്പുറത്തുനിന്നു രണ്ടും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഒരു വാഹനവുമുള്‍പ്പെടെ 20 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചതെന്നും യോഗത്തില്‍ ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു.
അഗ്നിരക്ഷ, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, റവന്യു, പൊലീസ്, വൈദ്യുതി ബോര്‍ഡ് തുടങ്ങി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥലത്തെത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടയിലെ വൈദ്യുതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിന്നും ചോദിച്ചറിഞ്ഞു. വൈദ്യുതി വിതരണം സംബന്ധിച്ച വിവരങ്ങള്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് തേടിയിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കോഴിക്കോട് കോര്പറേഷന് 1984 ല്‍ പണിത കെട്ടിടം 1987 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. അഗ്നിബാധയേറ്റ മരുന്നുകടയിലെ മരുന്നുകളുടെ ഉപയോഗയോഗ്യത സംബന്ധിച്ച പരിശോധനകള്‍ നടന്നു വരുകയാണെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് യോഗത്തില്‍ അറിയിച്ചു.
വകുപ്പുതല ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും. യോഗത്തില്‍ ഡിസിപി അരുണ്‍ കെ.പവിത്രന്, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീപിടിത്തം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് കോഴിക്കോട് കോര്പ്പറേഷന് രൂപം നല്‍കിയിരുന്നു. റവന്യൂ, എന്‍ജിനീയറിങ്, ആരോഗ്യ വിഭാഗങ്ങളാണ് പരിശോധന നടത്തുക. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കോർപ്പറേഷൻ സ്റ്റിയറിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ പരിശോധനകള്‍ വേഗം പൂര്‍ത്തിയാക്കി കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. തീപിടിത്തം ബാധിക്കാത്ത താഴത്തെ നിലയിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.