
കോഴിക്കോട്ട് കനത്ത മഴ, പലയിടത്തും നാശനഷ്ടം, നഗരത്തിൽ വെള്ളക്കെട്ട്; മത്സ്യത്തൊഴിലാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗതതടസ്സവും ഉണ്ടായി.
കോട്ടുളി കെ.പി.മേനോൻ റോഡിൽ വീടിനു മുകളിൽ തൊട്ടടുത്ത വീട്ടിലെ മതിൽ ഇടിഞ്ഞുവീണു. കടംകുന്നത്ത് വത്സലയുടെ വീടിനു മുകളിലാണ് മതിൽ ഇടിഞ്ഞുവീണത്. ഇടിമിന്നലിൽ ചെക്യാട് രണ്ടു വീടുകളിലെ വയറിങ് കത്തിനശിച്ചു. ചെക്യാട് കൊയമ്പ്രം പാലത്തിനു സമീപം നടുത്തെ തുണ്ടിയിൽ ശ്രീധരൻ, ശാന്ത എന്നിവരുടെ വീടുകളിലാണ് ഇടിമിന്നലിനെത്തുടർന്ന് വയറിങ്ങിൽ പൊട്ടിത്തെറിയുണ്ടായത്. കുറ്റിക്കാട്ടൂരിൽ ബസ് ബേയിൽ വെളളം കയറി.
വളയത്ത് മിനി സ്റ്റേഡിയത്തിന്റെ മതിൽ തകർന്നു. നഗരത്തിൽ മാവൂർ റോഡിലും മറ്റും പലയിടത്തും വെള്ളക്കെട്ടായതിനാൽ കാൽനടക്കാർ പോലും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തത്. വെള്ളക്കെട്ടിൽ ചില ഇരുചക്രവാഹനങ്ങൾക്കും കേടുപാടുണ്ടായി. മഴക്കാലപൂർവ ശുചീകരണത്തിലെ അപര്യാപ്തതയാണ് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടു രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
കോടഞ്ചേരിയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു.