
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കെഎഫ്സി വിരുദ്ധ സമരം പടരുന്നു. കെന്ററക്കി ഫ്രൈഡ് ചിക്കൻ എന്നറിയപ്പെടുന്ന
ലോകപ്രശസ്തമായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലകൾ പാകിസ്ഥാനിൽ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. നൂറുകണക്കിന് ആളുകൾ അറസ്റ്റിലായി. ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരാൾ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ ഉടനീളം കെഎഫ്സി ഫ്രൈഡ് ചിക്കൻ ഷോപ്പുകൾക്ക് ഇപ്പോൾ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് കെഎഫ്സിയുടെ പിന്തുണയുണ്ടെന്നാണ് ആരോപിച്ചാണ് ഈ ആക്രമണങ്ങൾ എല്ലാം നടക്കുന്നത്. മക്ഡൊണാൾഡ്സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിൻ ആണ് കെഎഫ്സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്റുകളാണ് കമ്പനിക്കുള്ളത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ സത്യത്തിൽ കെഎഫ്സിക്ക് ഒരു പങ്കുമില്ല. പക്ഷേ ഇതൊന്നും പാകിസ്താനിലെ സമരക്കാർ സമ്മതിക്കുന്നില്ല.
ഗാസ അനുകൂല സമരമെന്ന പേരിൽ നടക്കുന്ന നിരവധി പ്രകടനങ്ങൾ അവസാനിക്കുന്നത് കെഎഫ്സി ഷോപ്പുകൾ അടിച്ചു തകർത്തുകൊണ്ടാണ്. അമേരിക്കയുടെയും സഖ്യകക്ഷിയായ ഇസ്രായേലിന്റെയും പ്രതീകമാണ് കെഎഫ്സി എന്ന് സമരക്കാർ പറയുന്നു. ഈ ആഴ്ച മാത്രം പാകിസ്ഥാനിൽ ഇരുപത് കെഎഫ്സി റസ്റ്റോറന്റുകൾ ആക്രമിക്കപ്പെട്ടു. കറാച്ചിയിൽ രണ്ട് കടകൾക്ക് തീയിട്ടു.
ലാഹോറിൽ കെഎഫ്സി ജീവനക്കാരനെ അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്തായാലും അക്രമ സംഭവങ്ങളോട് ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം മക്ഡൊണൾഡ്സ്, സ്റ്റാർബക്സ് റസ്റ്റോറന്റുകൾക്കെതിരെ പല രാജ്യങ്ങളിലും ബഹിഷ്കരണ ആഹ്വാനം ഉണ്ടായെങ്കിലും അത് വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]