
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടൻമാർക്കെതിരെ പ്രതി തസ്ലീമ സുൽത്താന മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്. പ്രതികൾ അറസ്റ്റിലായി 19 ദിവസമായിട്ടും നടന്മാരെ ചോദ്യം ചെയ്യുകയോ ഇവർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രം നടന്മാർക്ക് നോട്ടീസ് നൽകിയാൽ മതിയെന്ന നിലപാടിലാണ് എക്സൈസ്.
ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയത്.
തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഷൈനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രം നടന്മാരെ വിളിച്ചു വരുത്തിയാൽ മതിയെന്ന നിലപാടിലാണ് എക്സൈസ്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കൊച്ചിയിൽ അറസ്റ്റിൽ ആയ ഷൈൻ തസ്ലിമയെ അറിയാമെന്ന് മൊഴി നൽകിയതിനാൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. നേരത്തെ തസ്ലിമയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പിൻവലിച്ചിരുന്നു. കേസിൽ പ്രതിചേർത്തിട്ടില്ലാത്തതിനാലായിരുന്നു ഹർജി പിൻവലിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]