
ദില്ലി: അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി ദില്ലി പൊലീസ്. ഖലിസ്ഥാൻ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഡ്രോൺ വഴി പഞ്ചാബ് അതിർത്തിയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാർ ഉൾപ്പെടെയാണ് പിടിയിലായതെന്ന് ആന്റി നാർക്കോ ടാസ്ക്ക് ഫോഴ്സ് ഡിസിപി അപൂർവ്വ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലുള്ളവരും പിടിയിലായിട്ടുണ്ട്. ഇവരുടെ വിദേശബന്ധങ്ങളുടെയും തെളിവുകൾ ലഭിച്ചു.
അൻപത് ദിവസം നീണ്ടു നിന്ന അന്വേഷണത്തില് നാല് സംസ്ഥാനങ്ങളിലെ തെരച്ചിലിന് ഒടുവിലാണ് അന്താരാഷ്ട്ര ലഹരി നെറ്റ്വര്ക്കിലെ പ്രധാനികളെ പിടികൂടാൻ ദില്ലി പൊലീസിന് സാധിച്ചത്. ദില്ലി പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർക്കോ ടാസ്ക്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ അഫ്ഗാൻ – പാക് ലഹരിശ്യംഖലയുടെ ഭാഗമായി ഇന്ത്യയ്ക്ക് അകത്ത് പ്രവർത്തിക്കുന്ന സംഘത്തിനായാണ് പൊലീസ് വലവിരിച്ചത്.
ഫെബ്രുവരി ഒമ്പതിന് തെക്കൻ ദില്ലിയിൽ നിന്ന ഫഹീമ് എന്ന വ്യക്തിയെ ഹെറോയിനുമായി പൊലീസ് പിടികൂടി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരിവസ്തുക്കൾ എത്തിച്ചത് നിലവിൽ ദില്ലിയിൽ താമസിക്കുന്ന ജമ്മുകശ്മീർ സ്വദേശിയായ ഷൈസ ആണെന്ന് കണ്ടെത്തി. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്താരാഷ്ട്ര സംഘത്തിനെക്കുറിച്ച് സൂചന കിട്ടിയത്. പിന്നാലെ പഞ്ചാബിലെ അതിർത്തി പ്രദേശമായ തരൻ താരൻ, അമൃത്സർ, കശ്മീരിലെ കുപ്വാര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
സംഘത്തിലെ വിവിധ കണ്ണികളെ പിടികൂടിയ ദില്ലി പൊലീസ് സംഘം തരൻ താരനിലെ ജസ്വാൻ പ്രീത് സിങ്ങിലേക്ക് എത്തി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്തുന്ന അന്താരാഷ്ട്ര ശ്യംഖലയിലെ പഞ്ചാബിലെ പ്രവർത്തനങ്ങൾ ഇയാളാണ് നിയന്ത്രിക്കുന്നത്. ഇതുവരെ അഞ്ച് കിലോയാളം ഹെറോയിൻ ഇയാൾക്കായി ഡ്രോൺ വഴി അതിർത്തി പ്രദേശത്തേക്ക് എത്തിച്ചതായി പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ പത്തു പേരിൽ ആറ് പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലഹരിക്കടത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് വിതരണം ചെയ്യാൻ പരിശീലനം നൽകിയതായും ഓരോ ഡെലിവറിക്കും 50,000 രൂപയും ഒരു പുതിയ ഫോണും നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]