
‘മാധ്യമങ്ങളിലൂടെ അവഹേളിച്ചു’: നടൻ ജയൻ ചേർത്തലയ്ക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നടനും യുടെ അഡ്ഹോക് ഭാരവാഹിയുമായ ജയൻ ചേർത്തലയ്ക്കെതിരെ നിയമനടപടിയുമായി നിർമാതാക്കളുടെ സംഘടന. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടി എറണാകുളം സിജിഎം കോടതിയിൽ പരാതി നൽകി. നേരത്തേ ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇക്കാര്യം ജയൻ ചേർത്തല നിരാകരിച്ചതോടെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി അസോസിയേഷനും അമ്മയും തമ്മിലുള്ള തർക്കം മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അസോസിയഷൻ ഭാരവാഹി ജി.സുരേഷ് കുമാറിനും സംഘടനയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ജയൻ രംഗത്തെത്തിയത്.
-
Also Read
‘‘അമ്മ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാർ പറഞ്ഞത്. അത് പറയാൻ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുൻപ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടത്തിലാണ്, പൈസയില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരു കോടി രൂപ കടം കൊടുത്തത് ‘അമ്മ’യാണ്. അതിന് തെളിവുകളുണ്ട്. ആ ഒരു കോടിയിൽ 60 ലക്ഷം രൂപയാണ് അവർ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവർഷം അവർ കടത്തിലാണ് എന്ന് പറഞ്ഞപ്പോൾ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവർ ‘അമ്മ’യോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉൾപ്പെടെ ഉള്ള താരങ്ങൾ തന്നെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാൻ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്.
അന്ന് അവർക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലനിർത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങൾ യോജിച്ച് അത് ചെയ്യാൻ തയാറായതാണ് അമ്മ സംഘടനയും പ്രവർത്തകരും. ‘അമ്മ’യുടെ എല്ലാ അംഗങ്ങളും സൗജന്യമായാണ് ഖത്തറിൽ ചെന്ന് ഷോയ്ക്ക് തയാറായത്. അമേരിക്കയിൽനിന്നു ലാലേട്ടൻ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അത് സംഘടിപ്പിക്കാൻ സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞശേഷം കടം തീർത്തു തരണം എന്നു പറഞ്ഞ് അവർ അമ്മയുടെ അടുത്ത് വീണ്ടും എത്തി. അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തീയതികളിൽ എറണാകുളത്ത് ഷോ നടത്തിയത്. അഞ്ചു പൈസ മേടിക്കാതെ ‘അമ്മ’യുടെ താരങ്ങൾ, മോഹൻലാൽ, മമ്മൂക്ക ഉൾപ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തു. ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയിൽ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടം തീർക്കാൻ വേണ്ടി ആണ് നൽകിയത്. രണ്ട് കോടി നാൽപത് ലക്ഷം രൂപ അവർക്കു കൊടുത്തു’’ എന്നായിരുന്നു ജയൻ ചേർത്തലയുടെ വാക്കുകൾ.
ഇത് നിഷേധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തുകയും ജയൻ ചേർത്തലയ്ക്ക് വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു. കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന ‘അമ്മ’യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു അസോസിയേഷന്റെ വാദം. ‘അമ്മ’യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും ഇത് ‘അമ്മ’യുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിർമാതാക്കളുടെ സംഘടന വക്കീല്‍ നോട്ടിസില്‍ പറഞ്ഞത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന് ചേര്‍ത്തലയുടെ പ്രസ്താവന തെറ്റാണെന്നും സംഘടന പറയുന്നു.
ജയൻ ചേർത്തല ഏഴു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. എന്നാൽ താൻ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചതെന്നും ജയൻ പ്രതികരിച്ചു. അമ്മയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. തന്റെ അറിവിൽ അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നും കേസിന്റെ കാര്യങ്ങൾ തന്റെ സംഘടന നോക്കിക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് അസോസിയേഷൻ പരാതിയുമായി കോടതിയെ സമീപിച്ചത്.